പ്രവൃത്തി പുരോഗമിക്കുന്ന മൈസൂരു- ബംഗളൂരു എക്സ്പ്രസ് വേ
ബംഗളൂരു: ൈമസൂരു -ബംഗളൂരു എക്സ്പ്രസ് വേയുടെ നിർമാണ പ്രവൃത്തി സെപ്റ്റംബറിൽ പൂർത്തിയാവുമെന്ന് പ്രതാപ് സിംഹ എം.പി അറിയിച്ചു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുവരിപ്പാത ദസറക്ക് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാതയുടെ ഇരുവശവും േവലികെട്ടി തിരിക്കുമെന്നതിനാൽ നിശ്ചിത വഴികളിലൂടെയല്ലാതെ പാതയിൽ ആർക്കും പ്രവേശനമുണ്ടാവില്ല. അനധികൃതമായി വാഹനങ്ങളും കാൽനടക്കാരും കന്നുകാലികളും പാതയിൽ പ്രവേശിക്കുന്നത് തടയും. മൈസൂരു കഴിഞ്ഞാൽ ശ്രീരംഗപട്ടണ, മദ്ദൂർ, മാണ്ഡ്യ, ചന്നപട്ടണ, ബിഡദി എന്നിവിടങ്ങളിലായാണ് എൻട്രി, എക്സിറ്റ് പോയൻറുകൾ സജ്ജീകരിക്കുക.
പാത പൂർത്തിയാവുന്നതോടെ മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയും. നിലവിൽ ബംഗളൂരു- മൈസൂരു യാത്രക്ക് ശരാശരി മൂന്നുമണിക്കൂറാണ് ദൈർഘ്യം. ഇത് വെറും ഒന്നര മണിക്കൂറായി കുറക്കാനാവുമെന്ന് എം.പി ചൂണ്ടിക്കാട്ടി. ആകെ 118 കിലോമീറ്ററാണ് പാത. ഇതിൽ ബിഡദി, ഗണഞ്ചൂർ എന്നിവിടങ്ങളിൽ ടോൾ ഗേറ്റുകൾ സ്ഥാപിക്കും.
എക്സ്പ്രസ് പാതയുടെ നിർമാണത്തിൽ അശാസ്ത്രീയതയുള്ളതായി മാണ്ഡ്യ എം.പി സുമലത അംബരീഷ് ആരോപണമുന്നയിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഗണഞ്ചൂരിൽ ദേശീയ പാത അതോറിറ്റി ലാബ് സജ്ജമാക്കിയിട്ടുണ്ടെന്നും ഒറ്റക്കോ വിദഗ്ധർക്കൊപ്പമോ എം.പിക്ക് അവിടം സന്ദർശിക്കാമെന്നും പ്രതാപ് സിംഹ പറഞ്ഞു.മൈസൂരു- ബംഗളൂരു എക്സ്പ്രസ് വേ എന്നത് ബംഗളൂരു- മാണ്ഡ്യ ഹൈവേ അല്ലെന്നും അദ്ദേഹം സുമലത എം.പിയെ കളിയാക്കി. മൈസൂരു- ടി. നരസിപുര റോഡ് വൈകാതെ നാലുവരിയാക്കുമെന്നും മൈസൂരു- മടിക്കേരി പാതയും വികസിപ്പിക്കുമെന്നും പ്രതാപ് സിംഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.