ന്യൂഡൽഹി: 2022 സെപ്റ്റംബർ 4ന് പുലർച്ചെ ഡൽഹിയിലെ എൻജിനീയറിങ് വിദ്യാർഥിയായ സോമേഷ് ഗൗതമിനെ മുറിയിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. ദിവസങ്ങൾക്കുശേഷം കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അയാളുടെ കാലിൽ വെടിവെച്ചു. തുടർന്ന് സോമേഷ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് അയാളുടെ പിതാവ് തരുൺ ഗൗതം നൽകിയ പരാതിയിൽ പറയുന്നു. ഇപ്പോൾ കോടതിയും അക്കാര്യം ശരിവെച്ചിരിക്കുന്നു. ഏറ്റുമുട്ടൽ നടത്തിയെന്നാരോപിച്ച് അന്നത്തെ എസ്.എച്ച്.ഒ ഉൾപ്പെടെ 12 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗ്രേറ്റർ നോയിഡയിലെ സി.ജെ.എം കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.
അധികാര ദുരുപയോഗത്തിന്റെയും കൊള്ളയുടെയും ആ രാത്രിയെ തരുൺ ഗൗതം വിവരിച്ചു.‘2022 സെപ്റ്റംബർ നാലിന്
പൊലീസുകാർ രാത്രി ഏറെ വൈകി വീട്ടിൽ വന്നു. അവർ എന്നെ മർദിച്ചു. മകൻ എവിടെയെന്ന് ചോദിച്ചു. അവൻ ഡൽഹിയിൽ എൻജിനീയറിങ്ങിന് പഠിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ, കള്ളം പറയുകയാണെന്ന് പറഞ്ഞ് അവർ എന്നെ ക്രൂരമായി മർദിച്ചു. ഡസനോളം പൊലീസുകാർ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഞങ്ങളെ അവർ ഡൽഹിയിലേക്കു കൊണ്ടുപോയി - തരുൺ ഗൗതം വിവരിച്ചു.
മുറിയിൽ കയറി അവനെ മർദിച്ചു. ശേഷം സോമേഷിനെയും പിതാവിനെയും ബലമായി പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെവെച്ച് അവനെ ഷോക്കടിപ്പിക്കുകയും മർദിക്കുകയും ചെയ്തു. സെപ്റ്റംബർ ആറിന് ഒമ്പതുമണിയോടെ പൊലീസ് സോമേഷിനെ കണ്ണുകൾ മൂടി കൈകൾ പിന്നിൽ ബന്ധിച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
കാലിൽ നോക്കി വെടിവെച്ചു ഗുരുതരമായി പരിക്കേൽപിച്ചു. സംഭവ സ്ഥലത്ത് ഒരു മോട്ടോർ ബൈക്കും തോക്കും അവർ വ്യാജമായി പ്രതിഷ്ഠിച്ചിരുന്നു. സോമേഷിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. തുടർന്ന് പത്തു ലക്ഷം തന്നാൽ അവനെ മകനെ വിട്ടയക്കാമെന്ന് പിതാവിനോട് പറഞ്ഞു. മകൻ നിരപരാധിയാണെന്ന് അറിയാമെന്നും എന്നാൽ, കേസിൽ തങ്ങളുടെ മേൽ സമ്മർദമുണ്ടെന്നും പൊലീസ് പറഞ്ഞു.
തരുൺ മാസങ്ങളോളം മകനുവേണ്ടി പോരാടി. എട്ടു മാസത്തിനുശേഷം പൊലീസുകാർക്കെതിരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വെടിവെപ്പിനുശേഷം സോമേഷിന്റെ ജീവിതം പാടെ മാറി. ശരിയാംവിധം നടക്കാൻ കഴിഞ്ഞില്ല. സർക്കാർ ജോലി ലഭിക്കുന്നതിന് കേസ് തടസ്സമായി. സ്വകാര്യ കമ്പനികളും ജോലിക്കെടുക്കുന്നില്ല. കുടുംബം സാമ്പത്തികമായും മാനസികമായും തകർന്നു.
കാൺപൂരിലെ മറ്റൊരു കേസിൽ അമിത്, കുന്ദൻ എന്നീ രണ്ട് പേരെ വെടിവച്ചു കൊലപ്പെടുത്തി. അവർക്കെതിരെയും കൊലപാതകശ്രമത്തിനും നിയമവിരുദ്ധ ആയുധങ്ങൾക്കും കേസെടുത്തു. ഒരേയൊരു പ്രശ്നം ആയിരുന്നു അതിനു കാരണമായി പറഞ്ഞത്. അമിതിൽ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന തോക്ക് 13 വർഷം മുമ്പ് ഒരു പൊലീസ് വെയർഹൗസിൽ സൂക്ഷിച്ചിരുന്നതായിരുന്നുവെന്ന്. എന്നാൽ, പൊലീസ് മൊഴികളിലെ വൈരുധ്യങ്ങളും സ്വതന്ത്ര സാക്ഷികളുടെ അഭാവവും ചൂണ്ടിക്കാട്ടി 2025 ഏപ്രിലിൽ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.
രാജ്യസഭയിൽ അവതരിപ്പിച്ച സർക്കാർ കണക്കുകൾ പ്രകാരം 2016-2022 കാലയളവിൽ ഇന്ത്യയിൽ 813 ഏറ്റുമുട്ടൽ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പകുതിയും അഞ്ച് സംസ്ഥാനങ്ങളിലാണ്. ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്. 2017 മുതൽ 2022 വരെ യു.പിയിലെ വിവിധ ഏറ്റുമുട്ടലുകളിൽ 158 കുറ്റവാളികൾ കൊല്ലപ്പെട്ടു. യോഗി ആദിത്യനാഥിന്റെ രണ്ടാം ഭരണകാലത്ത് 49 പേർ കൂടി മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അതായത് ഓരോ 20 ദിവസത്തിലും ഒന്ന് എന്ന വീതം.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2022ൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 2,614 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 12 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. സംശയാസ്പദമായ ഓരോ ഏറ്റുമുട്ടലിനും ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പല കേസുകളിലും കുടുംബങ്ങൾ പറയുന്നത് തങ്ങൾ നിശബ്ദരാക്കപ്പെടുകയോ ഭീഷണി നേരിടുകയോ ചെയ്യുന്നുവെന്നാണ്.
ഈ കേസുകൾ ഒറ്റപ്പെട്ടതല്ലെന്നും വ്യവസ്ഥാപിതമായ രീതിയിലേക്കാണ് അവ വിരൽ ചൂണ്ടുന്നതെന്നും അഭിഭാഷകർ വാദിക്കുന്നു. തെളിവുകൾ പലപ്പോഴും പിന്നീടാണ് നിർമിക്കപ്പെടുന്നത്. കൊലകളുടെ ഉത്തരവാദിത്തവും അപൂർവമാണ് -അഭിഭാഷകനായ സി.പി. ഗൗതം പറയുന്നു. കോടതികൾ ഇടപെട്ടതിനുശേഷവും ഇരകൾ അതിജീവിക്കുവാൻ പാടുപെടുന്നു.
രണ്ട് കോടതികൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ സോമേഷിനെയും അമിതിനെയും പോലുള്ളവരുടെ കുടുംബങ്ങൾക്ക് നീതി ഇപ്പോഴും അകലെയാണ്. ഇവയൊന്നും ഒരു റിപ്പോർട്ടിലെ വെറും സംഖ്യകളല്ല. ഇത് യഥാർത്ഥ ജീവിതങ്ങളാണ്. സത്യം പുറത്തുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സുമിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.