പെൺകുട്ടിയുടെ മാതാവും ബന്ധുക്കളും photo: theprint.in


‘എന്റെ മോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടെങ്കിലും തരൂ, എന്തുകൊണ്ടാണ് ആ കൊലപാതകിയെ അറസ്റ്റ് ചെയ്യാത്തത്?’

കരൗലി (രാജസ്ഥാൻ):​ “എന്റെ മോളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ എന്താണുള്ളതെന്ന് ഇനിയും പറയാത്തത് എന്തു​കൊണ്ടാണ്?  അവളുടെ മരണമൊഴി കാണിച്ചുതരാത്തത് എന്തുകൊണ്ടാണ്?  ഞങ്ങൾക്ക് എന്നാണ് കോടതിയിൽ പോകാൻ കഴിയുക? എന്തിനാണ് ഞങ്ങളെ ഇങ്ങനെ ഇരുട്ടിൽ നിർത്തുന്നത്? ” ഹൃദയം തകർന്ന ഒരച്ഛന്റെ ചോദ്യമാണിത്.

തന്റെ 11 വയസ്സുള്ള പൊന്നുമോളെ ബലാത്സംഗം ചെയ്ത് രാസവസ്തുക്കൾ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതികൾ ഈ അച്ഛന്റെ കൺമുന്നിൽ വിഹരിക്കുമ്പോഴും പൊലീസും ഭരണകൂടവും ക്രൂരമായ മൗനം പാലിക്കുകയാണ്. എന്നുമാത്രമല്ല, നഷ്ടപരിഹാരവും സർക്കാർ ജോലിയും കിട്ടാനുള്ള ആർത്തിമൂത്ത് അച്ഛനുമമ്മയും കഥ കെട്ടിച്ചമക്കുകയാണെന്ന കടുത്ത അധിക്ഷേപം വ​രെ നിയമപാലകരിൽനിന്നും നേരിടേണ്ടിവരുന്നു, നിസ്സഹായരായ ഈ ആദിവാസി കുടുംബം.

മേയ് ഒമ്പത്: നെഞ്ചിൽ തീ കോരിയിട്ട ദിനം

രാജസ്ഥാനിലെ കരൗലി ജില്ലയിലെ ഹിന്ദൗൻ നഗരത്തിലെ വാടകവീട്ടിലാണ് അച്ഛനുമമ്മയും നാല് മക്കളും കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് 35 കിലോമീറ്റർ അകലെ ദാദൻപൂരിലാണ് സ്വന്തം നാട്. ദമ്പതികളുടെ 11 വയസ്സുള്ള മൂത്തമകൾക്ക് സംസാരിക്കാനും കേൾക്കാനും ജന്മനാ ശേഷി കുറവായിരുന്നു. എങ്കിലും അതിനെയൊക്കെ തോൽപിക്കുന്ന തരത്തിൽ മിടുക്കിയായിരുന്നു അവൾ.

രണ്ടാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ മേയ് 9ന് വാടകവീട്ടിൽനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള മൈതാനത്തിൽ പതിവുപോലെ കളിക്കാൻ പോയതായിരുന്നു അവൾ. അൽപസമയം കഴിഞ്ഞപ്പോൾ മകളുടെ നിലവിളി ഉയർന്നുകേട്ടു. ഓടി​ച്ചെന്നപ്പോൾ ദേഹം മുഴുവൻ പൊള്ളിയ നിലയിൽ ഉടുതുണിയില്ലാതെ മകൾ അലറിക്കരയുന്നു.

“എന്താണ് സംഭവിച്ചതെന്ന് ഞാൻ കണ്ടില്ല. അവളുടെ നിലവിളി മാത്രം കേൾക്കാമായിരുന്നു. അവളെ അകത്ത് കൊണ്ട് വന്ന് കിടത്തി. അവളുടെ വസ്ത്രങ്ങൾ പൂർണ്ണമായും കീറിയിരുന്നു. തുടർന്ന്, ആംഗ്യങ്ങളിലൂടെ, എന്താണ് സംഭവിച്ചതെന്ന് അവൾ എന്നോട് പറഞ്ഞു” -അമ്മ പറഞ്ഞു.

ഉടൻ തന്നെ ഹിന്ദൗനിലെ സർക്കാർ ആശുപത്രിയിലും നില ഗുരുതരമായതിനാൽ ജയ്പൂരിലെ മാൻ സിംഗ് ഗവ. ഹോസ്പിറ്റലി​ലേക്കും അവളെ കൊണ്ടുപോയി. മതിയായ പരിഗണനപോലും അവിടെ ലഭിച്ചി​ല്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഒടുവിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച (മേയ് 20)ന് അവൾ ഈ ലോകത്തോട് വിടപറഞ്ഞു.

മരിക്കുന്നതിന് മുമ്പ് പ്രതിയെ മകൾ ചൂണ്ടിക്കാണിച്ചുകൊടുത്തു, നടന്നതെല്ലാം ആംഗ്യഭാഷയിൽ വിവരിച്ചു

65 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിലായിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. രണ്ടാംദിവസം അച്ഛൻ സ്റ്റേഷനിൽ നേരിൽ പോയി മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് മേയ് 11ന് പൊലീസ് പരാതി രജിസ്റ്റർ ചെയ്തത്. എന്നിട്ടും കുട്ടിയുടെ മൊഴി എടുക്കാൻ അവർ എത്തിയില്ല. ഒടുവിൽ, സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം, മേയ് 14 ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പൊലീസ് കാണിച്ചുകൊടുത്ത നിരവധി ചിത്രങ്ങളിൽ നിന്ന്, തന്നെ ആക്രമിച്ച പ്രതികളിൽ ഒരാളെ അവൾ തിരിച്ചറിഞ്ഞു. നഗരത്തിൽ തന്നെയുള്ള ഒരു ബ്രാഹ്മണ ഭൂവുടമയായിരുന്നു ആ കാപാലികൻ. പെൺകുട്ടി കളിച്ചുകൊണ്ടിരുന്ന ഭൂമി ഇയാളുടേതായിരുന്നു. 30കാരനായ ഇയാൾ തന്റെ വീടിനോട് ചേർന്ന് കട നടത്തുന്നുണ്ടായിരുന്നു.


ഇതിനിടെ, സംഭവദിവസം താൻ അനുഭവിച്ച ക്രൂരതകൾ ഒന്നൊന്നൊയി ആ മകൾ അമ്മയോട് ആംഗ്യഭാഷയിൽ വിവരിച്ചുകൊടുത്തിരുന്നു. രണ്ടുപേർ ചേർന്ന് തന്നെ ലൈംഗികമായി ഉപദ്രവിച്ചതും ഒടുവിൽ തീകൊളുത്തിയതും എല്ലാം എല്ലാം... മകൾ സുഖംപ്രാപിച്ചുവന്നുവെങ്കിലും ഇടക്ക് ആരോഗ്യനില വീണ്ടും വഷളായി. മേയ് 20ന് എന്നെന്നേക്കുമായി കണ്ണടച്ചു.

എന്നാൽ, ദിവസമിത്രയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയാറായിട്ടില്ല. പ്രതി ഉന്നതജാതിക്കാരനായതും പിടിപാടുള്ളതുമാണ് ഇതിന് കാരണ​മെന്ന് ഇവർ പറയുന്നു. ഇപ്പോൾ ദാദൻപൂരിൽ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിൽ പ്രതിഷേധം ശക്തമാണ്. കുട്ടിയുടെ വീട്ടിൽ നീതി ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകൾ പിടിച്ച് സ്ത്രീകളും പുരുഷന്മാരും കൂട്ടംചേരുന്നുണ്ട്. ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഗ്രാമീണരു​ടെ ആവശ്യം.

ഭരണകൂടത്തിന്റെ തികഞ്ഞ അവഗണന

ആരോഗ്യവിഭാഗവും പൊലീസും തങ്ങളെ അവഗണിച്ചതായി ഇവർ പറയുന്നു. മതിയായ ചികിത്സ നൽകാത്തതും മരണവിവരം ഏഴ് മണിക്കൂറിന് ശേഷം മാത്രം അറിയിച്ചതും ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. പുലർച്ചെ 1.15നാണ് മരിച്ചത്. എന്നാൽ, രാവിലെ ഏഴ് മണിക്ക് ശേഷമാണ് ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചത്.

“എന്റെ മകൾ ആരോഗ്യം വീണ്ടെടുത്തിരുന്നു. അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഞങ്ങൾക്കറിയാവുന്ന എല്ലാവരെയും വിളിച്ച് ഞങ്ങൾ അപേക്ഷിച്ചു. മോളെ രക്ഷിക്കാൻ കഴിയുമായിരുന്നു” -അച്ഛൻ പറഞ്ഞു. “എന്നോട് ഒരു പൊലീസുകാരും സംസാരിച്ചിട്ടില്ല. ഡോക്ടർമാർ എൻ്റെ കുട്ടിക്ക് എന്ത് മരുന്നാണ് നൽകിയതെന്നും അവളുടെ ചികിത്സ എന്താണെന്നും എനിക്കറിയില്ല’ -പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു.


എഫ്ഐആർ ഫയൽ ചെയ്യാനും മൊഴിയെടുക്കാനും പൊലീസ് വൈകിപ്പിച്ചതും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതും കടുത്ത നീതിനിഷേധത്തിന്റെ തെളിവാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടി മരിച്ച ശേഷം കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചെങ്കിലും കാര്യമായ നീക്കം ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി കരൗലി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ജ്യോതി ഉപാധ്യായ പൊലീസ് പറഞ്ഞു. “അവനെ കസ്റ്റഡിയിലെടുത്തതല്ല. ചോദ്യം ചെയ്യാൻ വിളിച്ചതാണ്’ -അദ്ദേഹം പറഞ്ഞു. ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 34 വകുപ്പുകൾ പ്രകാരം ‘അജ്ഞാതർ’ക്കെതിരെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

​മകൾ നഷ്ടമായ കുടുംബത്തിന് നേരെ അധിക്ഷേപവും

പൊള്ളലേറ്റ മകൾ ആദ്യദിവസങ്ങളിൽ പൂർണബോധത്തിലായിരുന്നുവെന്നും മൊഴി രേഖപ്പെടുത്താമായിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ, അങ്ങനെ ഒരു അവസ്ഥയിലായിരുന്നില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. തന്നെ ബലാത്സംഗം ചെയ്തതായി വ്യക്തമായി പറഞ്ഞിട്ടില്ലെന്നും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ‘ആംഗ്യഭാഷയിലൂടെയാണ് അവളുടെ മൊഴി എടുത്തത്. കുട്ടി തിരിച്ചറിഞ്ഞയാൾക്കെതിരെ നിർണ്ണായക തെളിവുകളൊന്നുമില്ല. അതിനാലാണ് അന്വേഷണം തുടരുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല’ -എസ്​.പി പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളിയ ന്യൂ മാണ്ഡി പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ, സർക്കാറിൽ നിന്ന് നഷ്ടപരിഹാരവും സർക്കാർ ​ജോലിയും കിട്ടാനുള്ള നീക്കമാണ് കുടുംബത്തിനെന്ന് ആരോപണം ഉന്നയിക്കുന്നതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. “അവരുടെ ലക്ഷ്യം വേറെയാണ്; അവർക്ക് സർക്കാരിന്റെ സഹായം വേണം” -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സർക്കാർ ജോലിയും കുടുംബം ആവശ്യപ്പെടുന്നതായി ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, അത്തരം ആരോപണങ്ങളെ കുടുംബം ശക്തമായി നിഷേധിച്ചു. “എനിക്ക് മകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. സർക്കാരിനോട് ആരാണ് പണത്തിന് ചോദിക്കുന്നത്? ഞങ്ങൾക്ക് ആരുടെയും ഒരു രൂപ പോലും വേണ്ട, നീതി മാത്രമാണ് വേണ്ടത്’ -പിതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.“ഞങ്ങൾ പാവപ്പെട്ടവരാണെന്നത് ശരിയാണ്. എന്നാൽ, ഞങ്ങൾക്ക് പണമല്ല വേണ്ടത്, ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കണം’ -ബന്ധുവായ സ്ത്രീ പറഞ്ഞു. “അവനെ തൂക്കിക്കൊല്ലണം. അതുമാത്രമാണ് നീതി. ഞങ്ങളുടെ പെൺമക്കളിൽ മറ്റൊരാൾക്കും ഇനി ഇത് സംഭവിക്കരുത്” -പിതൃസഹോദരി പറയുന്നു.

അതേസമയം, പ്രതിയെ പുകഴ്ത്തി നിരവധിപേർ പിന്തുണയുമായി രംഗത്തുണ്ട്. അയാൾ ബ്രാഹ്മണനാ​ണെന്നും അങ്ങനെ ചെയ്യില്ലെന്നുമാണ് ഇവർ പറയുന്നത്. “ഇത്രയും നിഷ്കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോൾ ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ കുടുംബം ഇതൊരു രാഷ്ട്രീയ വിഷയമാക്കുകയാണ്. ഇത്രയും സത്യസന്ധനായ ഒരു മനുഷ്യനെ എങ്ങനെയാണ് ഉന്നമിടുന്നത്? നിങ്ങൾക്കറിയാമോ? ഞങ്ങൾ ബ്രാഹ്മണരാണ്. അവൻ അമ്പലത്തിൽ പോകുന്നയാളാണ്’ -അടുത്ത അയൽക്കാരൻ പറയുന്നു.

Tags:    
News Summary - ‘My daughter told me in gestures what happened’—mother of Rajasthan tribal girl burnt alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.