കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഓടുന്ന ട്രെയിനിൽ ബംഗ്ലാദേശി എന്നാരോപിച്ച് മുസ്‍ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമർദനം. പൈരദംഗ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എൻജിനീയറിങ് എം.ടെക് വിദ്യാർഥിയായ റസൂൽ ഇസ്‍ലാം മൊണ്ടൽ ആണ് ക്രൂര മർദനത്തിന് വിധേയനായത്. അക്രമികൾ റസൂൽ ഇസ്‍ലാമിനെ അടിക്കുകയും താടി പിടിച്ചു വലിക്കുകയും ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ദി ഒബ്സർവർ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിലെ ആലിയ യൂനിവേഴ്‌സിറ്റിയിലെ അവസാന വർഷ എം.ടെക് വിദ്യാർഥിയും ഹൂഗ്ലി ജില്ലയിലെ മെഷേര ഗ്രാമവാസിയുമാണ് റസൂൽ.
ഒരു പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളോടൊപ്പം ഗെഡെ സ്റ്റേഷനിൽ നിന്ന് സീൽദയിലേക്കുള്ള ലോക്കൽ ട്രെയിനിൽ മടങ്ങുമ്പോഴാണ് സംഭവം. അക്രമികൾ അദ്ദേഹത്തെ വളഞ്ഞ് ബംഗ്ലാദേശി എന്ന് വിളിച്ച് വർഗീയ അധിക്ഷേപം നടത്തുകയായിരുന്നെന്ന് റസൂൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണകാരികളിൽ ഒരാളായ അജയ് ബംഗ്ലാദേശ് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞ് താടി പിടിച്ച് വലിച്ച് മർദിക്കുകയായിരുന്നു. ഇന്ത്യൻ പൗരനാണെന്ന് യുവാവ് വിശദീകരിച്ചിട്ടും, ആൾക്കൂട്ടം ആക്രമണം തുടർന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിനിടെ നിരവധി പേർ റസൂലിനെ തുടർച്ചയായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഒരു ഘട്ടത്തിൽ അക്രമികളിൽ ചിലർ അദ്ദേഹത്തെ ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തു.
സുഹൃത്ത് ആക്രമണം വിഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ അക്രമികൾ ഫോൺ പിടിച്ചുപറിച്ചുവെന്നും വിഡിയോ റെക്കോഡ് ചെയ്താൽ ട്രെയിനിൽ നിന്ന് തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തി. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട റസൂൽ ശേഷം ഹരിപാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച സീൽഡ റെയിൽവേ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 115(2), 299 351(2), 3(5) എന്നിവ പ്രകാരം അധികൃതർ കേസെടുത്തു. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബംഗാൾ ന്യൂനപക്ഷ കമീഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.