ന്യൂഡൽഹി: ഭീകരസംഘടനകൾ മതങ്ങളുടെ പ്രതിച്ഛായ തകർക്കുന്നുവെന്ന് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ. ഇന്ത്യൻ മുസ്‌ലിംകൾ രാജ്യത്തിന്‍റെ ഭരണഘടനയിൽ ഏറെ അഭിമാനിക്കുന്നവരാണ്. പൗരന്മാർ തമ്മിൽ സഹോദര തുല്യ ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനക്കുള്ളിൽ നിന്ന് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചട്ടക്കൂടിൽ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. സുഹൃത്തുക്കൾ തമ്മിലുള്ള സന്ദർശനമാണ് തന്‍റെ ഇന്ത്യാ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യാ സന്ദർശനത്തിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, മത രംഗങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ സന്തുഷ്ടനാണ്. ദേശീയ ഐക്യവും ലോക സമാധാനവും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും സെക്രട്ടറി ജനറൽ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണം സ്വീകരിച്ചാണ് ആറു ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഇന്ത്യയിലെത്തിയത്. സൗദി അറേബ്യയുടെ മുൻ നീതിന്യായ മന്ത്രി കൂടിയായ അൽ ഈസ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇന്ത്യയിലെത്തിയത്.
ഈ മാസം 15 വരെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം വേൾഡ് ലീഗ് പ്രതിനിധി സംഘത്തിന്റെ ഇന്ത്യൻ സന്ദർശനം. ഡൽഹി ജുമാമസ്ജിദിൽ പ്രഭാഷണം നടത്തുകയും പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്യും. ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.