കുട്ടികളില്ലാത്ത മുസ്‌ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിന് മാത്രം അര്‍ഹത -സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്‌ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സുഹര്‍ബി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. എസ്റ്റേറ്റ് സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

ജസ്റ്റിസ് സഞ്ജയ് കരോള്‍, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ ചാന്ദ് ഖാന്‍ ജീവിച്ചിരിക്കെ സഹോദരൻ കരാറുണ്ടാക്കിയിരുന്നതിനാൽ വിധവക്ക് അതില്‍ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി. വില്‍പനക്ക് കരാറുണ്ടാക്കി എന്നതിനാൽ ആ സ്വത്തില്‍ പരാതിക്കാരിക്കുള്ള അവകാശം ഇല്ലാതാവില്ലെന്ന് കോടതി വ്യക്തമാക്കി.

കുട്ടികളില്ലാതെ മരിച്ച ചാന്ദ് ഖാന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടായിരുന്നു കേസ്. താൻ പ്രാഥമിക അവകാശിയാണെന്ന് വാദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിധവ സുഹര്‍ബി സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗത്തിന് അവകാശവാദമുന്നയിച്ചു. എന്നാൽ, എസ്റ്റേറ്റിന്‍റെ ഒരു ഭാഗം ചാന്ദ് ഖാൻ ജീവിച്ചിരിക്കെ ഉണ്ടാക്കിയ വിൽപന കരാറിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും അതിനാൽ അനന്തരാവകാശത്തിൽനിന്ന് അവരെ ഒഴിവാക്കണമെന്നും സഹോദരൻ വാദിച്ചു. വിചാരണ കോടതി ഈ വാദം അംഗീകരിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതിയും ഹൈകോടതിയും ഇത് തള്ളി.

വിൽക്കാനുള്ള കരാർ ഉടമസ്ഥാവകാശം സൃഷ്ടിക്കുന്നില്ലെന്നാണ് അപ്പീൽ കോടതിയും ഹൈകോടതിയും വ്യക്തമാക്കിയത്. എന്നാൽ, സ്വത്തിന്‍റെ നാലിൽ മൂന്ന് വിഹിതവും തനിക്ക് വേണമെന്ന് അവകാശപ്പെട്ട് സുഹര്‍ബി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Muslim Widow With No Child Entitled To 1/4th Share In Deceased Husbands Estate -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.