മുസ് ലിം വ്യക്തിനിയമ ബോര്‍ഡിന് വനിത വിങ് രൂപവത്കരിക്കും

കൊല്‍ക്കത്ത: മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിത വിങ് രൂപവത്കരിക്കാന്‍ തീരുമാനിച്ചു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന ബോര്‍ഡിന്‍െറ 25ാം വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനമെന്ന് സെക്രട്ടറി സഫര്‍യാബ് ജീലാനി അറിയിച്ചു. തലാഖിന് പുറമെ, കുടുംബ പ്രശ്നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും വനിത വിഭാഗം കൈകാര്യം ചെയ്യും. മുസ്ലിം സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് ഉര്‍ദുവിലും ഇംഗ്ളീഷിലും എട്ട് പ്രാദേശികഭാഷകളിലും ടോള്‍ ഫ്രീ നമ്പറുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളിലടക്കം സഹായവും നിര്‍ദേശങ്ങളും നല്‍കുന്നതിനാണ് ഇത് സജ്ജീകരിക്കുന്നത്.

രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പിക്കുമെന്ന് സമ്മേളനപ്രമേയം വ്യക്തമാക്കി. ഏക സിവില്‍കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ബോര്‍ഡ് മെംബര്‍ കമാല്‍ ഫാറൂഖി പറഞ്ഞു. കേന്ദ്ര സര്‍ക്കാറുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ബോര്‍ഡ് സന്നദ്ധമായിരുന്നെങ്കിലും മറുഭാഗം അനുകൂലമായി പ്രതികരിച്ചില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തലാഖിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് വ്യക്തിനിയമ ബോര്‍ഡ് തുടക്കം കുറിച്ച ഒപ്പുശേഖരണ കാമ്പയിന്‍ തുടരുകയാണെന്നും ഇതിനകം 10 കോടിയോളം വനിതകള്‍ മുത്തലാഖിനെ അനുകൂലിച്ച് ഒപ്പുകള്‍ രേഖപ്പെടുത്തിയതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും സ്വീകരണ കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് പറഞ്ഞു. മുസ്ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാറെന്ന് ബോര്‍ഡിലെ വനിതാ അംഗമായ അസ്മാ സഹ്റയും അഭിപ്രായപ്പെട്ടു. മുസ്ലിം യുവാക്കള്‍ക്കെതിരായ പീഡനങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ചയായി.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന ആരോപണം മുസ്ലിംകള്‍ക്കെതിരെ, പ്രത്യേകിച്ച് യുവാക്കള്‍ക്കെതിരെ കെട്ടിവെക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നതായും വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്‍റ് മൗലാന റാബിഅ് ഹസനി നദ്വി വെള്ളിയാഴ്ച നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ ഏക സിവില്‍കോഡ് നീക്കത്തെ ചോദ്യം ചെയ്ത് മുസ്ലിംകള്‍ സുപ്രീംകോടതിയില്‍ നടത്തുന്ന നിയമയുദ്ധത്തില്‍ അണിചേരാന്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, ലിംഗായത്തുകള്‍, ബുദ്ധിസ്റ്റുകള്‍, മറ്റു പിന്നാക്ക സമുദായ സംഘടനകള്‍ എന്നിവര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ബോര്‍ഡ് ജന. സെക്രട്ടറി മുഹമ്മദ് വാലി റഹ്മാനി കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Tags:    
News Summary - muslim personal law board women wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.