ചാനൽ സംവാദങ്ങളിൽ മുസ്‌ലിം പണ്ഡിതരും ബുദ്ധിജീവികളും പങ്കെടുക്കരുത് -മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ചാനൽ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് മുസ്‌ലിം പണ്ഡിതരോടും ബുദ്ധിജീവികളോടും അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി) അഭ്യർഥിച്ചു.

ഇസ്‌ലാമിനെ സേവിക്കുന്നതിന്‍റെ ഭാഗമായാണ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതെന്നാണ് പണ്ഡിതരും ബുദ്ധിജീവികളും പറയുന്നത്. എന്നാൽ, ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നതിലൂടെ ഇസ്‌ലാമിനെ അവഹേളിക്കുന്നതിൽ അവർ നേരിട്ട് പങ്കാളികളാകുകയാണെന്ന് ബോർഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഈ പരിപാടികളുടെ ലക്ഷ്യം ക്രിയാത്മകമായ ചർച്ചകളിലൂടെ ഒരു തീർപ്പിലെത്തുകയല്ല, മറിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപകീർത്തിപ്പെടുത്തുക എന്നതാണ്. ഇത്തരം സംവാദങ്ങൾക്ക് സ്വീകാര്യത ലഭിക്കാൻ ചാനലുകൾക്ക് അവരുടെ പരിപാടികളിൽ മുസ്‌ലിം മുഖങ്ങൾ ആവശ്യമാണ്. നമ്മുടെ പണ്ഡിതരും ബുദ്ധിജീവികളും ഇത്തരം അജണ്ടകളുടെ ഇരകളാകുകയാണ്.

നമ്മൾ ഇത്തരം പരിപാടികളും ചാനലുകളും ബഹിഷ്‌കരിച്ചാൽ, അത് അവരുടെ ടി.ആർ.പിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ഈ സംവാദങ്ങളിലൂടെ ലക്ഷ്യം നേടുന്നതിലും അവർ പരാജയപ്പെടുമെന്നും ബോർഡ് പ്രസ്താവനയിൽ പറയുന്നു.

എ.ഐ.എം.പി.എൽ.ബി പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വി, ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി, വൈസ് പ്രസിഡന്‍റ് സയ്യിദ് ജലാലുദ്ദീൻ ഉമരി, ഷാ ഫഖ്റുദ്ദീൻ അഷ്റഫ്, അർഷാദ് മദനി, പ്രഫ. ഡോ. അലി മുഹമ്മദ് നഖ്വി എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

Tags:    
News Summary - AIMPLB Asks Ulema and Muslim Intellectuals Not To Participate In TV Debates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.