മുത്തലാഖ് ബിൽ: രജപുത്രരിൽ നിന്ന് മുസ് ലിം സമുദായം പാഠം പഠിക്കണം- ഉവൈസി

ഒൗറംഗബാദ്: ഇന്ത്യയെ മുസ് ലിം മുക്ത് ആക്കാനാണ് ബി.ജെ.പി ശ്രമമെന്നും രാജ്യം ദലിത് മുക്തമാക്കാനാണ് ആർ.എസ്.എസ് അജണ്ടയെന്നും എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. മുത്തലാഖിൽ ക്രിമിനൽ കുറ്റം ചുമത്താനുള്ള നീക്കത്തിനെതിരെ ഒൗറംഗബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച അദ്ദേഹം ശരീഅത്ത് സംരക്ഷിക്കാൻ മുസ് ലിംകൾക്കിടയിൽ ഐക്യം വേണമെന്ന് ആവശ്യപ്പെട്ടു.

വിവാഹം അവസാനിക്കുന്നില്ലെന്ന് ഈ നിയമം പറയുന്നു, എന്നാൽ, ഭർത്താവ് മൂന്ന് വർഷം ജയിലിൽ പോകും. മുസ്ലിം പുരുഷൻമാരെ ജയിലിലേക്ക് അയക്കുകയും മുസ്ലീം വനിതകളെ തെരുവിൽ നിർത്തുകയും ചെയ്യുന്ന നിയമമാണിത്. ഇത് സ്ത്രീകൾക്ക് നീതി നൽകുകയല്ല ചെയ്യുന്നത്, മറിച്ച് അത് ലക്ഷ്യം വെക്കുന്നത് ശരിഅത്തിനെയാണ് -ഉവൈസി വ്യക്തമാക്കി.

ബാബരി മസ്ജിദ് തകർപ്പെട്ടപ്പോൾ ഉണ്ടായ ദു:ഖമാണ് ഈ നിയമം ലോക്സഭയിലെത്തിയപ്പോൾ തനിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന രജപുത്രരിൽ നിന്ന് മുസ്ലീം സമുദായം പഠിക്കണമെന്ന് ഉവൈസി ആഹ്വാനം ചെയ്തു.

അവരുടെ റാണിയെ മോശമായി ചിത്രീകരിച്ചപ്പോൾ അവർ പ്രതികരിച്ചു. തീയേറ്റർ കത്തിക്കുമെന്നും മൂക്ക് മുറിക്കുമെന്നൊക്കെ അവർ ഭീഷണിയുയർത്തി. നാല് ശതമാനം വരുന്ന രജപുത്രരാണ് പ്രതിഷേധമുയർത്തിയത്. നമ്മൾ 14 ശതമാനമുണ്ട്. അവർ അവരുടെ വഴിയിലൂടെ പോയി, നമ്മൾ ഇപ്പോഴും നിസ്സഹായരായി നിൽക്കുന്നു -ഉവൈസി ചൂണ്ടിക്കാട്ടി.

സിനിമയുടെ ഉള്ളടക്കം പഠിക്കാൻ ഒരു 12 അംഗ സമിതി മോദി നിയമിച്ചു. എന്നാൽ, മുത്തലാഖ് ബില്ലിൽ പുനർവിചിന്തനം ഒന്നും ഉണ്ടായില്ല. രജ്പുത്രർ അവരുടെ ശക്തി കാണിച്ചു. ശരീഅത്ത് സംരക്ഷിക്കാൻ നമ്മൾ എന്താണ് ചെയ്തത് -ഉവൈസി ചോദിച്ചു.

Tags:    
News Summary - Muslim community to learn from Rajputs- Asaduddin Owaisi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.