മുംബൈ: സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ‘370 രൂപ ബിരിയാണി’ വിവാദത്തെ പരാമർശിച്ച് ബോധവത്കരണ പോസ്റ്റ് പങ്കുവെച്ച മുംബൈ പൊലീസിനെതിരെ വിമർശനം. സെൻസിറ്റീവായ ഒരു വിഷയത്തെ കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
‘370 രൂപക്ക് ഒരു പ്ലേറ്റ് ബിരിയാണി കിട്ടും. ഞങ്ങളുടെ ലോക്കപ്പിൽ കൂടുതൽ നേരം താമസിച്ചാൽ സൗജന്യ ഭക്ഷണവും ലഭിക്കും’ എന്നായിരുന്നു മുംബൈ പൊലീസിന്റെ പോസ്റ്റ്. ‘ബിരിയാണി ഈസ് നോട്ട് കൺസന്റ്’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
സ്റ്റാൻഡ് അപ്പ് കോമഡിയൻ പ്രണിത് മോറെയുടെ ഷോയിൽ ഒരു പ്രേക്ഷകൻ പറഞ്ഞ പരാമർശമാണ് ‘370 രൂപ ബിരിയാണി’ വിവാദത്തിന്റെ തുടക്കം. ഒരു യുവതിയുമായുള്ള ഡേറ്റിങ്ങിനിടെ 370 രൂപക്ക് ബിരിയാണി വാങ്ങി നൽകിയെന്നും ഇത് മുതലാക്കാൻ യുവതിയെ ലൈംഗികമായി സമീപിച്ചെന്നുമായിരുന്നു സ്റ്റാൻഡ് അപ്പ് കോമഡിക്കിടെ യുവാവിന്റെ വെളിപ്പെടുത്തൽ. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന 23കാരനാണ് വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ യുവാവിനെ ജോലി ചെയ്തിരുന്ന കമ്പനി പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്റ്റാൻഡ് അപ്പ് കോമഡിക്കിടെ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം കേട്ട് ആസ്വദിച്ച സദസ്സിനെതിരെയും പ്രണിത് മോറെക്കെതിരെയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. തുടർന്ന് പ്രണിത് മോറെ മാപ്പ് പറഞ്ഞും രംഗത്തെത്തി.
യുവാവിന്റെ പരാമർശങ്ങളിലെ ഉദ്ദേശ്യം, വ്യാഖ്യാനം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതോടെ #BiryaniIsNotConsent എന്ന ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. പലരും ഇത് പൊലീസിനോ കോടതിക്കോ സ്വമേധയാ കേസെടുക്കാനുള്ള വിഷയമാണെന്ന് പോലും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മുംബൈ പൊലീസിന്റെ പോസ്റ്റ്.
സമ്മതം പോലുള്ള ഗൗരവമുള്ള വിഷയത്തെ തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചത് ഉചിതമല്ലെന്നായിരുന്നു പോസ്റ്റിനെതിരെ ഉയർന്ന വിമർശനം. രാഷ്ട്രീയ നേതാവായ പ്രിയങ്ക ചതുർവേദി ഉൾപ്പെടെ പൊലീസ് കൂടുതൽ ഉത്തരവാദിത്തത്തോടെയും സംവേദനക്ഷമതയോടെയും വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. പൊതുസ്ഥാപനങ്ങൾ സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ ഉപയോഗിച്ച് ബോധവത്കരണം നടത്തുമ്പോൾ അതിന്റെ പരിധികൾ എന്താകണം എന്ന ചർച്ചക്കും ഇതോടെ തുടക്കമായി.
അതേസമയം, പോസ്റ്റിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ചെലവഴിച്ച പണമോ സമ്മാനങ്ങളോ ഒരാളുടെ സമ്മതത്തിന് പകരമാകില്ലെന്ന സന്ദേശം ലളിതമായി അവതരിപ്പിച്ചുവെന്നായിരുന്നു ചില ഉപയോക്താക്കളുടെ അഭിപ്രായം. യുവാക്കളിലേക്കും സോഷ്യൽ മീഡിയ ഉപയോക്താക്കളിലേക്കും സമ്മതത്തിന്റെ പ്രാധാന്യം എത്തിക്കാൻ ഇത്തരം കാമ്പയിനുകൾ സഹായിക്കുമെന്നുമാണ് അവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.