എംഎ ബേബി
എംഎ ബേബിയുടെ പ്രസംഗം പങ്കുവെച്ച് കോൺഗ്രസ് ദേശീയ അക്കൗണ്ട്; ‘മോദി നുണയുടെ ചക്രവർത്തി, തുടച്ചുനീക്കാനുള്ള പോരാട്ടമാണിത്’
ഡൽഹി: ഇൻഡ്യ സഖ്യം സംഘടിപ്പിച്ച ദില്ലി ചലോ മാർച്ചിൽ നരേന്ദ്ര മോദിക്കും ഗ്യാനേഷ് കുമാറിനുമെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നുണയുടെ ചക്രവർത്തിയാണ് മോദിയെന്നും സംഘപരിവാർ ഭരണം തുടച്ചുമാറ്റാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കോൺഗ്രസ് പങ്കുവെച്ചു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗ്യാനേഷ് കുമാറിന്റെയും തട്ടിപ്പുകൾ ഇനി ഇന്ത്യയിൽ നടക്കില്ലെന്ന് ജനലക്ഷങ്ങൾ ഒറ്റശബ്‌ദത്തിൽ പ്രഖ്യാപിച്ചതാണ് ചലോ ദില്ലി മഹാറാലിയെന്ന് എംഎ ബേബി പറഞ്ഞു. ഗ്യാനേഷിനെ പുറത്താക്കാനും അസത്യത്തിന്റെ മഹാരാജാവായ നരേന്ദ്ര മോദിയുടെ കീഴിലുള്ള സംഘപരിവാർ ഭരണം തുടച്ചുമാറ്റാനുമുള്ള പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് രാംലീല മൈതാനിയിൽ മഹാറാലിയെ അഭിസംബോധന ചെയ്‌ത് അദ്ദേഹം പ്രഖ്യാപിച്ചു.
സത്യത്തെ മുന്നിൽ നിർത്തിയാണ് മഹാത്മഗാന്ധി സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു കൊണ്ടുപോയത്. മോദിയുടെ അസത്യങ്ങളിൽ നിന്നും ആർഎസ്‌എസിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ പോരാട്ടത്തിനാണ് ഇന്ന് രംലീല മൈതാനം സാക്ഷ്യംവഹിക്കുന്നത്. കള്ളംപറഞ്ഞ് മോദി രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് മോദി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. എന്നാൽ, കർഷക ആത്മഹത്യ ഇരട്ടിയാകുന്നതാണ് രാജ്യം കണ്ടത്.
മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്‌റു, അംബേദ്‌കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ മഹാരഥന്മാരുടെ വാക്കുകൾക്ക് രാംലീല മൈതാനം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഭഗത് സിങ്ങിൽ നിന്ന് ആവേശം ഉൾക്കൊണ്ട യുവജനങ്ങളുടെ നിരവധി പോരാട്ടങ്ങൾക്കും ഇൗ വേദി സാക്ഷിയായിട്ടുണ്ട്. ഇന്ത്യയുടെ പുതിയൊരു പോരാട്ടത്തിനു കൂടി ഇന്ന് ഈ മണ്ണിൽ തുടക്കമിട്ടിരിക്കുകയാണ്.
വോട്ട് മോഷണം അവസാനിപ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനും മനുവാദികളെ തൂത്തെറിയാനുമുള്ള അതിശക്തമായ പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകും– എംഎ ബേബി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ ഇൻഡ്യ സഖ്യം പോരാട്ടം തുടരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗ്യാനേഷിനെ ഒളിപ്പിക്കാൻ മോദിയും ഷായും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും ഭൂമിക്കടിയിൽ ഒളിച്ചാലും വലിച്ച് പുറത്തിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രഭരണകൂടം യുവാക്കളുടെയും സ്ത്രീകളുടെയും ദലിതരുടെയും വോട്ടവകാശം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും വോട്ടുകളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കിയാൽ മാത്രമേ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂ. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ടതില്ല. ഇൻഡ്യ മുന്നണിയിലെ നേതാക്കൾ ഭയപ്പെടുന്നവരല്ല, പോരാടുന്നവരാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.