പിടിയിലായ പ്രതികൾ 

ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത്: 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ അറസ്റ്റിൽ, വ്യാജ ആധാറും രേഖകളും നിർമിച്ച് തട്ടിപ്പ്

ഹൈദരാബാദ്: അന്തർസംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ പൊലീസ് പിടികൂടി. ഹൈദരാബാദിൽ ഐ.വി.എഫ്, ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. ബെഗംപേട്ടിലെ പ്രകാശ് നഗർ, എരഗഡ്ഡ, സരൂർനഗർ, ഗോപാലപുരം എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്.

ഒരു അണ്ഡദാന പ്രക്രിയക്ക് 20,000 രൂപ മുതൽ 30,000 രൂപവരെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സ്ത്രീകളെ ആകർഷിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏജന്റുമാർ വഴി ഇവർക്ക് യാത്ര സൗകര്യമൊരുക്കുകയും വാടകവീടുകളിൽ താമസിപ്പിച്ച് ഫെർട്ടിലിറ്റി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയുമായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് കൃത്യമായ വൈദ്യപരിശോധനകളില്ലാതെ ഹോർമോൺ കുത്തിവെപ്പുകളും മരുന്നുകളും നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹ്യൂമോഗ് എച്ച്.പി ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ എന്നിവയും രേഖകളും ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ അമിത് ശർമ്മ (44), സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്ന നിക്കത് പർവീൺ (31) എന്നിവരുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. പ്രകാശ് നഗറിൽ പ്രതിമാസം 50,000 രൂപ വാടകക്ക് വീടെടുത്ത് കഴിഞ്ഞ രണ്ടു വർഷമായി അമിത് ശർമ്മ അനധികൃത പ്രവർത്തനം നടത്തി വരികയായിരുന്നു. കേസിൽ ഐ.വി.എഫ് ഏജന്റായ രേഷ്മ ഖാത്തൂൺ (26), മേഘാവത് ശ്രീനിവാസ് (23), എ.ആർ.ടി ബാങ്ക് മാനേജരായ ജെപ്രേ പ്രദീപ് (27), വിജയ് ഭഗവാൻ റാവു സാളുങ്കെ (46), പങ്കജ് സോണി (52), എസ്.കെ. പർവീൺ (42) സരൂർനഗറിലെ വ്യവസായി എമിരിഷെട്ടി ദുർഗ്ഗ പ്രസാദ് (42) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാജ ആധാർ കാർഡുകൾ, സത്യവാങ്മൂലങ്ങൾ, സമ്മതപത്രങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ നിർമിച്ചാണ് മാഫിയ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകൾക്ക് തുടർച്ചയായി അണ്ഡദാനം നടത്തേണ്ടി വന്ന സാഹചര്യം, സാമ്പത്തിക ഇടപാടുകൾ, ഏജന്റുമാർക്ക് നൽകിയ കമീഷൻ എന്നിവ പൊലീസ് അന്വേഷിച്ചു വരികയാണ്.

Tags:    
News Summary - IVF Centre Egg Smuggling: 43 Women Rescued, 8 Arrested in Aadhaar Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.