'മോക് പാർലമെന്റിൽ പ്രധാനമന്ത്രിയായി ഇരുന്നോളൂ, രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാൻ കഴിയില്ല'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
ചണ്ഡീഗഢ്: പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം സഫലമാക്കാനാണ് രാഹുൽ ഗാന്ധി മോക് പാർലമെന്റ് സംഘടിപ്പിക്കുന്നതെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു. 'നിങ്ങളുടെ മോക് പാർലമെന്റിൽ പ്രധാനമന്ത്രിയായി തുടരാം. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള സ്വപ്നം നടക്കില്ല' എന്നായിരുന്നു ഷായുടെ പരിഹാസം.
ചണ്ഡീഗഢിൽ ഞായറാഴ്ച നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നേതൃത്വത്തെ വിമർശിച്ച ഷാ, അദ്ദേഹത്തിന്റെ 'മൊഹബത്ത് കി ദുകാൻ' എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെയും പരിഹസിച്ചു. സ്നേഹത്തിന്റെ കടയിൽനിന്ന് ലഭിക്കുന്നത് വെറുപ്പ് മാത്രമാണെന്നായിരുന്നു ഷായുടെ ആരോപണം.
അതേസമയം, ഡൽഹിയിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കാഴ്ചവെച്ച പ്രകടനത്തെയും അമിത് ഷാ വിമർശിച്ചു. കഴിഞ്ഞ മൂന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിട്ടില്ലെന്നും, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് ഇതേ അവസ്ഥയായിരിക്കുമെന്നും, കോൺഗ്രസ് വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്. ഉത്സവസീസണിൽ റാലി നടത്തരുതെന്ന് ഡൽഹിയിലെ വ്യാപാരികൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാ പറഞ്ഞു.
2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയനീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് ഷായുടെ പരാമർശങ്ങൾ. പഞ്ചാബിൽ സ്വന്തം നിലയിൽ അധികാരത്തിലെത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സഖ്യത്തിൽ ചെറിയ പങ്കാളിയായി തുടരാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.