സൈബർ തട്ടിപ്പിൽ മുംബൈക്ക് നഷ്ടമായത് 1031 കോടി; തിരിച്ചുകിട്ടിയത് 11 ശതമാനം മാത്രം! ജാഗ്രതാ നിർദേശവുമായി വിദഗ്ധർ

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സൈബർ തട്ടിപ്പുകൾ കുത്തനെ ഉയരുന്നു. 2025ൽ മാത്രം മുംബൈ നിവാസികൾക്ക് സൈബർ തട്ടിപ്പിലൂടെ 1,031 കോടി രൂപ നഷ്ടമായതായാണ് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള 'മിനി ഓറഞ്ച്' എന്ന ഐഡന്റിറ്റി സെക്യൂരിറ്റി സ്ഥാപനത്തിന്റെ സി.ഇ.ഒ അനിർബാൻ മുഖർജി ഫ്രീ പ്രസ് ജേണലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.

നഷ്ടപ്പെട്ട 1,031 കോടിയിൽ വെറും 110 കോടി രൂപ (ഏകദേശം 10.7 ശതമാനം) മാത്രമാണ് പൊലീസിന് വീണ്ടെടുക്കാനോ മരവിപ്പിക്കാനോ സാധിച്ചത്. കഴിഞ്ഞ വർഷം മാത്രം നഗരത്തിൽ 4,825 സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുംബൈയിലെ ഉയർന്ന ഡിജിറ്റൽ പണമിടപാടുകളും സാമ്പത്തിക സ്ഥാപനങ്ങളുടെ സാന്നിധ്യവുമാണ് തട്ടിപ്പുകാരെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് മുഖർജി ചൂണ്ടിക്കാട്ടി.

സാധാരണക്കാർ മാത്രമല്ല, സൈബർ സുരക്ഷയെക്കുറിച്ച് ധാരണയുള്ള പൊലീസുകാർ പോലും തട്ടിപ്പിനിരയാകുന്നുണ്ട്. വ്യാജ എ.പി.കെ ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മുംബൈയിലെ ഒരു വനിതാ കോൺസ്റ്റബിളിന് 12.5 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

ദേശീയതലത്തിലും സ്ഥിതി ആശങ്കാജനകമാണ്. 2024-ൽ ഇന്ത്യക്കാർക്ക് സൈബർ തട്ടിപ്പിലൂടെ 22,845.73 കോടി രൂപ നഷ്ടമായതായി ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അറിയിച്ചിരുന്നു. നിരവധി തവണ ബോധവത്കരണം നടത്തിയിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും തട്ടിപ്പുകൾ ആവർത്തിക്കുകയാണ്.

സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ അനിർബാൻ മുഖർജി ചില പ്രധാന കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്.

എ.പി.കെ ഫയലുകൾ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ വരുന്ന എ.പി.കെ ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്

ക്യു.ആർ കോഡ് ജാഗ്രത: പണം സ്വീകരിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ല. പണം നൽകാൻ മാത്രമേ സ്കാൻ ചെയ്യാവൂ.

യു.പി.ഐ വെരിഫിക്കേഷൻ: പണം അയക്കുന്നതിന് മുമ്പ് യു.പി.ഐ ഐഡിയിലെ പേര് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ: ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ഇൻസ്റ്റാഗ്രാം പരസ്യങ്ങളെ വിശ്വസിക്കരുത്.

പ്രത്യേക ബാങ്ക് അക്കൗണ്ട്: യു.പി.ഐ ഇടപാടുകൾക്കായി കുറഞ്ഞ തുക മാത്രമുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക.

ഒ.ടി.പി സുരക്ഷ: എസ്.എം.എസ്, ഒ.ടി.പി എന്നിവയെ മാത്രം ആശ്രയിക്കരുത്. പകരം മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക.

അപ്‌ഡേറ്റുകൾ: ഫോണിലെ ഓപറേറ്റിങ് സിസ്റ്റവും ആപ്പുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. ഉപയോഗിക്കാത്ത ആപ്പുകൾ നീക്കം ചെയ്യുക.

റിമോട്ട് ആക്സസ്: അപരിചിതരായ സപ്പോർട്ട് ഏജന്റുമാർക്ക് നിങ്ങളുടെ ഫോണിന്റെ റിമോട്ട് ആക്സസ് നൽകരുത്.

രേഖകൾ സൂക്ഷിക്കരുത്: ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ ചിത്രങ്ങളോ പാസ്‌വേഡുകളോ ഗാലറിയിലോ വാട്സാപ്പ് ചാറ്റിലോ സൂക്ഷിക്കരുത്.

ആപ്പ് പെർമിഷൻ: ഓരോ മാസവും ആപ്പുകൾക്ക് നൽകിയിട്ടുള്ള പെർമിഷനുകൾ പരിശോധിക്കുക.

മുതിർന്നവർക്ക് നിയന്ത്രണം: സ്മാർട്ട്ഫോൺ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള മുതിർന്ന പൗരന്മാർക്ക് യു.പി.ഐ ആപ്പുകൾ നൽകുന്നത് ഒഴിവാക്കുക.

തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ ഒട്ടും വൈകാതെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണം. വേഗത്തിൽ പ്രതികരിച്ചാൽ പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയാൻ സാധിക്കും

Tags:    
News Summary - Mumbai Lost ₹1,031 Crore To Cyber Fraud In 2025, Recovered Less Than 11%: Expert Warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.