ലഖ്നോ: സമാജ്‍വാദി പാര്‍ട്ടി പിളർപ്പിലേക്ക് നീങ്ങവെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മുലായം സിങ് യാദവ് ഇന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയേക്കുമെന്ന് സൂചന. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന അവകാശവാദമായിരിക്കും മുലായം ഉന്നയിക്കുക. ഇത് സംബന്ധിച്ച് മുലായം സിങ് യാദവും ശിവ്പാല്‍ യാദവും അമര്‍സിങുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അതേസമയം പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തതായി അറിയിക്കാനും പാർട്ടി ചിഹ്നം അനുവദിക്കണമെന്നും ആവശ്യമുന്നയിക്കാനും അഖിലേഷും തെരഞ്ഞെടുപ്പ് കമീഷനെ കാണുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് എസ്.പിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അഖിലേഷ് പക്ഷത്തെ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് ലക്നോയില്‍ വിളിച്ചുചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനില്‍ മുലായം സിങ്ങിനെ മാറ്റി മകന്‍ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.
ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും മുലായം ക്യാമ്പിലെ ശക്തനായ അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത അഖിലേഷ്-രാംഗോപാല്‍ സഖ്യം മുലായത്തിന് ശക്തമായ താക്കീതും നല്‍കി.
എന്നാല്‍, ഈ തീരുമാനം തള്ളിക്കളഞ്ഞ മുലായം രാംഗോപാല്‍ യാദവിനെ ആറുവര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. ദേശീയ വൈസ് പ്രസിഡന്‍റ് കിരണ്‍മോയ് നന്ദ, മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. ‘ഭരണഘടനവിരുദ്ധ’ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് നടപടിയെന്നും ദേശീയ കണ്‍വെന്‍ഷന്‍ അസാധുവാണെന്നും വ്യാഴാഴ്ച ദേശീയ കണ്‍വെന്‍ഷന്‍ ചേരുമെന്നും മുലായം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.