ന്യൂഡൽഹി: രാഷ്ട്രപതി ഭവന്റെ ഭാഗമായ മുഗൾ ഗാർഡന്റെ പേരും മായ്ച്ചു. ഇനി അമൃതോദ്യാനം. ചരിത്രം തുടിക്കുന്ന പേരുകൾ തുടച്ചുനീക്കി സ്ഥലങ്ങൾക്കും റോഡുകൾക്കുമെല്ലാം പുതിയ പേരു നൽകുന്നതിന്റെ ഭാഗമാണ് നടപടി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേള ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിച്ചുവരുന്ന സന്ദർഭത്തിലാണ് മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാനമാക്കി മാറ്റുന്നതെന്ന് രാഷ്ട്രപതി ഭവൻ വിശദീകരിച്ചു.
എല്ലാ വർഷവുമെന്നപോലെ ജനുവരി 31ന് പൊതുജനങ്ങൾക്ക് കാണാനായി അമൃതോദ്യാനം തുറക്കും. ഇത്തവണ രണ്ടു മാസത്തേക്ക് ഉദ്യാനം കാണാൻ സൗകര്യമൊരുക്കും. അതിനു മുമ്പായാണ് പേരുമാറ്റം. പൊതുജനങ്ങൾക്കായി തുറക്കുന്ന വേള ‘ഉദ്യാനോത്സവ’മായി അറിയപ്പെടും. രാഷ്ട്രപതി ഭവന് മുന്നിൽ തുടങ്ങി ഇന്ത്യ ഗേറ്റ് വരെ നീളുന്ന രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് മുഗൾ ഗാർഡന്റെ പേരുമാറ്റം. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ഡൽഹിയിലെ മുഗൾ-ബ്രിട്ടീഷ് ഭരണകാലം ഓർമിപ്പിക്കുന്ന പല റോഡുകളുടെയും പേര് മാറ്റിയിരുന്നു. ഔറംഗസേബ് റോഡ്, റേസ് കോഴ്സ് റോഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് യു.പിയിൽ ഫൈസാബാദ്, അലഹബാദ് തുടങ്ങിയ നഗരങ്ങളുടെയും പേരും മാറ്റിയിരുന്നു.
മുഗൾ ഭരണകാലത്തെ ഉദ്യാനങ്ങളുടെ മാതൃക സ്വീകരിച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് രാഷ്ട്രപതി ഭവന്റെ ഭാഗമായ 15 ഏക്കർ ഉദ്യാനം. അതുകൊണ്ടാണ് മുഗൾ ഗാർഡൻ എന്ന പേരുവന്നത്. രാഷ്ട്രപതിമാർ മാറിമാറി വന്നതിനൊത്ത് ഉദ്യാനം പലവിധത്തിൽ വിപുലപ്പെടുത്തിയെങ്കിലും പേരിന് മാറ്റമുണ്ടായിരുന്നില്ല. രാഷ്ട്രപതി ഭവനോട് ചേർന്ന ഉദ്യാനങ്ങൾ പൊതുവായ പേരിൽ അറിയപ്പെടണമെന്ന വിശദീകരണത്തോടെയാണ് ഇപ്പോൾ പേരുമാറ്റം. ഇതുവരെ മുഗൾ ഗാർഡൻ എന്ന പൊതുവായ പേരിലാണ് അറിയപ്പെട്ടത്. ഹെർബൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, ആരോഗ്യ വനം, സർക്കുലർ ഗാർഡൻ തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. അമൃതോദ്യാനമെന്ന പേരുമാറ്റം ബി.ജെ.പി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.