എം.എസ്. സ്വാമിനാഥൻ അന്തരിച്ചു; ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്

ചെന്നൈ: കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. ​ചെന്നൈയിലായിരുന്നു  അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയാണ് വിടപറയുന്നത്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ ഉൾപ്പടെ മറ്റനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഡോ.മങ്കൊമ്പ് കെ.സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്റ്റ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി.

1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി മാറി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി

Tags:    
News Summary - MS Swaminathan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.