ഇൻഡോർ: പുസ്തക രചയിതാവ് ഡോ. ഫർഹത്ത് ഖാനെ പിടികൂടാൻ മധ്യപ്രദേശിലെ പൊലീസ് സംസ്ഥാനത്ത് തിരച്ചിൽ ആരംഭിച്ചതായും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് ഒരു സംഘത്തെ അയച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 'കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം' എന്ന പുസ്തകത്തിനെതിരെ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പി രംഗത്തുവന്നതിനെ തുടർന്നാണ് എഴുത്തുകാരനെ വേട്ടയാടാൻ പൊലീസ് രംഗത്തിറങ്ങിയത്.
ഡിസംബർ മൂന്നിന് കോളജിലെ എൽ.എൽ.എം വിദ്യാർഥിയും അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) നേതാവുമായ ലക്കി അടിവാൾ (28) പുസ്തകത്തിന്റെ രചയിതാവ്, അതിന്റെ പ്രസാധകരായ അമർ ലോ പബ്ലിക്കേഷൻ, സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ഡോ. ഇനാമു റഹ്മാൻ, പ്രഫസർ മിർസ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നടപടി തുടങ്ങിയത്. "ഞങ്ങൾ ഖാനെ തിരയുന്നു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പൊലീസ് സംഘത്തെ അയച്ചു. ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" -ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഗുരുതരമായ വൃക്കരോഗിയാണ് ഡോ. ഫർഹാത്ത്. നിയമവിദ്യാർഥികളെ പഠിപ്പിക്കുന്ന പുസ്തകത്തിൽ ഹിന്ദു സമൂഹത്തിനും ആർ.എസ്.എസിനുമെതിരായ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) വിദ്യാർഥി വിഭാഗമായ എ.ബി.വി.പി ആരോപിച്ചു.
സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏഴംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. 250 വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പാനലിലെ ഒരു അംഗം പറഞ്ഞു. സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കർമ്മവീർ ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.