'ഐറ്റം പരാമർശം' വീണ്ടും ഉയർത്തി ബി.ജെ.പി; കമൽനാഥ് മാപ്പ് പറഞ്ഞില്ലെന്ന് ചൗഹാൻ

ഗ്വാളിയോർ: ഇന്ദോർ ബി.ജെ.പി സ്ഥാനാർഥി ഇമാർതി ദേവിക്കെതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ 'ഐറ്റം പരാമർശം' തെരഞ്ഞെടുപ്പ് റാലിയിൽ ഉയർത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇമാർതിക്കെതിരായ ഐറ്റം പരാമർശത്തിൽ കമൽനാഥ് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഗ്വാളിയോറിലെ ദബ്രയിൽ നടന്ന റാലിയിൽ ചൗഹാൻ പറഞ്ഞു.

ഇത്രയും ലജ്ജയില്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. ഇത് ലജ്ജയില്ലായ്മയുടെ അങ്ങേയറ്റമാണ്. സഹോദരി ഇമാർതി ദേവിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് രാജ്യം മുഴുവൻ കണ്ടു. മാധ്യമങ്ങൾ അദ്ദേഹത്തോട് 'കമൽ നാഥ്, നിങ്ങൾ എന്താണ് പറയുന്നത്?' എന്ന് ചോദിച്ചു. ഇതൊക്കെയാണെങ്കിലും കമൽനാഥ് ക്ഷമ ചോദിച്ചില്ലെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധി കമൽനാഥിന്‍റെ പ്രസ്താവനയെ അപലപിച്ചിട്ടും മാപ്പ് പറയാൻ വിസമ്മതിച്ചു. ഇത് ഏത് തരത്തിലുള്ള പാർട്ടിയാണ്? സഹോദരി ഇമാർതി ദേവി, ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ നിങ്ങളുടെ അഭിമാനം സംരക്ഷിക്കും. നിങ്ങളുടെ അഭിമാനം അപമാനിക്കപ്പെടാൻ നിങ്ങളുടെ സഹോദരന്മാർ അനുവദിക്കില്ലെന്നും ചൗഹാൻ വ്യക്തമാക്കി. 

കഴിഞ്ഞ 18ന് കോൺഗ്രസ്​ സ്​ഥാനാർഥി സുരേഷ്​ രാജിന്​ വേണ്ടി ദാബ്രയിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​മ്പോഴായിരുന്നു കമൽ നാഥി​ന്‍റെ വിവാദ പരാമർശം. 'ഞങ്ങളുടെ സ്​ഥാനാർഥി അവളെപോലെയല്ല... അവളുടെ പേര്​ എന്താണ്​? നിങ്ങൾക്ക്​ അവളെ നന്നായി അറിയാം, നേരത്തേ എനിക്ക്​ മുന്നറിയിപ്പ്​ നൽകേണ്ടതായിരുന്നു... എന്തൊരു​ ഐറ്റമാണത്​'' എന്നായിരുന്നു കമൽനാഥിനെ പരാമർശം.

ഉപതെര​ഞ്ഞെടുപ്പിലെ ബി​.ജെ.പി സ്​ഥാനാർഥി ഇമാർതി​ ദേവിക്കെതിരെയായിരുന്നു പ്രസ്​താവന. പിന്നീട് വിശദീകരണവുമായി രംഗത്തെത്തിയ കമൽനാഥ്, ബി.ജെ.പി സ്​ഥാനാർഥിയുടെ ​പേര്​ മറന്നു പോയതിനാലാണ്​ ​'ഐറ്റം' എന്ന്​ വിശേഷിപ്പിച്ചതെന്ന്​ വ്യക്തമാക്കി.

വിവാദ പരാമർശത്തിന്​ പിന്നാലെ ബി.ജെ.പിയുടെ പരാതിയിൽ ​തെരഞ്ഞെടുപ്പ്​ കമീഷന്​ വിശദീകരണം തേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.