ഷാഹ്ഡോൽ: മധ്യപ്രദേശിലെ ഷാഹ്ഡോൽ ജില്ലയിലെ ആശുപത്രി പുകയില വിമുക്തമാക്കുന്നതിന് സിവിൽ സർജൻ സ്വീകരിച്ച നടപടികളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ഇതിന്റെ വിഡിയോ വൈറലായതോടെ പലരും മനുഷ്യത്വരഹിതമായ നടപടിയെന്ന് കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. കൈയിൽ വടിയും അംഗരക്ഷകരായി സെക്യൂരിറ്റി ജീവനക്കാരെയും തോക്കുധാരിയെയും ഒപ്പം കൂട്ടിയാണ് ഡോക്ടർ ജി.എസ് പരിഹാർ പുകയിലവേട്ടക്കിറങ്ങുന്നത്.
രോഗികൾ പുകയില വസ്തുക്കൾ ഉപയോഗിക്കുന്നത് തടയുന്നതിനും ആശുപത്രി പരിസരം പുകയില വിമുക്തമാക്കാനും ഉദ്ദേശിച്ചാണ് ഇതെന്ന് ഡോക്ടർ സമ്മതിച്ചു.
കൈയിൽ വടിയുമായി പരിഹാർ നടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. സെക്യൂരിറ്റി ജീവനക്കാരുടെയും തോക്കേന്തിയ മറ്റൊരാളുടെയും അകമ്പടിയോടെയാണ് ഡോക്ടറുടെ രംഗപ്രവേശം. ആശുപത്രിയിലെ ഓരോ വാർഡുകളും കയറിയിറങ്ങി രോഗികളോടും കൂട്ടിരിപ്പുകാരോടും ഇവർ കൈവശമുള്ള ബീഡിയും സിഗരറ്റും പാൻപരാഗ് പോലുള്ള മറ്റ് പുകയില വസ്തുക്കളും കൈമാറാൻ ആവശ്യപ്പെടുകയാണ്.
ഇത്തരം പുകയില വസ്തുക്കൾ പിടിച്ചെടുക്കുക വഴി രോഗികൾ ഇതുപയോഗിക്കുന്നത് തടയുകയും ആശുപത്രി പരിസരം പുകയില വിമുക്തമാക്കുകയുമാണ് ലക്ഷ്യമെന്നും പരിഹാർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് കൈയിൽ വടി സൂക്ഷിക്കുന്നതും തോക്കേന്തിയ അംഗരക്ഷകരെ ഒപ്പം കൂട്ടുന്നതെന്നും ഡോക്ടർ വ്യക്തമാക്കി. ഏതായാലും തോക്കും വടിയുമായി രോഗികളെ ബോധവത്കരിക്കാൻ നടക്കുന്ന ഡോക്ടർക്കെതിരെ ട്വിറ്ററിൽ അമർഷം പുകയുകയാണ്. സ്ത്രീകളോടും കുട്ടികളോടും ഇത്തരം സാഹസങ്ങൾ കാണിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വിഡിയോ പങ്കുവെക്കുന്നവർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.