സുബാൻസിരി ലോവർ ഹൈഡൽ പദ്ധതി
ന്യൂഡൽഹി: നിർമാണ ചെലവ് കുതിച്ചുയർന്നതിനെ തുടർന്ന് സുബാൻസിരി ലോവർ ഹൈഡൽ ജലവൈദ്യുത പദ്ധതിക്ക് പണം കണ്ടെത്താൻ വനഭൂമി പണയം വെക്കാനുള്ള എൻ.എച്ച്.പി.സിയുടെ ശ്രമം തടഞ്ഞ് കേന്ദ്രം. വനഭൂമിയിൽ സ്ഥിതിചെയ്യുന്ന ആസ്ഥികൾ പണയമായി നൽകി വായ്പയെടുക്കാനായിരുന്നു നീക്കം. എന്നാൽ, ഇത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ പ്രദേശ്-അസം അതിർത്തിയിലാണ് സുബാൻസിരി ലോവർ ഹൈഡൽ പദ്ധതി പുരോഗമിക്കുന്നത്. ആരംഭിച്ച കാലയളവിനെ അപേക്ഷിച്ച് നിലവിൽ 300 മടങ്ങ് ചെലവ് വർധിച്ചതായാണ് നിർമാതാക്കളായ എൻ.എച്ച്.പി.സി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പദ്ധതി നിശ്ചയിച്ച പ്രകാരം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കാൻ അധിക പണം കണ്ടെത്തിയേ മതിയാവൂ എന്നും കമ്പനി വ്യക്തമാക്കുന്നു.
2002ൽ പദ്ധതി ആരംഭിക്കുമ്പോൾ 6,285 കോടി രൂപയാണ് ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ, നിലവിൽ ഇത് 26,000 കോടി രൂപയായി ഉയർന്നു. നിർമാണപ്രവർത്തനങ്ങൾ വൈകിയതും വിലക്കയറ്റവും വായ്പകളിലെ പലിശയുമാണ് കാരണമായി കമ്പനി വ്യക്തമാക്കുന്നത്.
തരംമാറ്റപ്പെട്ട വനഭൂമിയിലെ ആസ്തികൾ പണയപ്പെടുത്താൻ അനുവദിക്കണമെന്ന് കമ്പനിയുടെ ആവശ്യം വനസംരക്ഷണ നിയമത്തിലെ (വൻ അധിനിയം,1980) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് എൻ.ഒ.സി തടഞ്ഞുകൊണ്ട് കമ്പനിക്ക് നൽകിയ മറുപടിയിൽ വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കമ്പനിക്ക് നിരാക്ഷേപ പത്രം (എൻ.ഒ.സി) തടഞ്ഞതിൽ അരുണാചൽ പ്രദേശ്, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വനസംരക്ഷണ നിയമമനുസരിച്ച് വനഭൂമി ഇതര ആവശ്യങ്ങൾക്ക് അനുവദിക്കാനാവില്ലെന്നും പണയ വസ്തുവായി ഉപയോഗപ്പെടുത്തുമ്പോൾ നിയമത്തിലെ ചട്ടങ്ങളുടെ ലംഘനമാവുമെന്നും ഒക്ടോബർ 10ന് അരുണാചൽ സർക്കാറിന് നൽകിയ കത്തിൽ മന്ത്രാലയം പറയുന്നു. ഭൂമി പണയം വെക്കുന്നതോടെ, പണയവസ്തുവെന്ന നിലയിൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുക കൂടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തരംമാറ്റിയെങ്കിലും വനഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. വനഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമത്തിലെ വ്യവസ്ഥകളും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റ് ബോണ്ടുകൾ, ടേം ലോണുകൾ, ഇതര വാണിജ്യ വായ്പകൾ എന്നിങ്ങനെ നടപ്പുസാമ്പത്തിക വർഷത്തിൽ 6,300 കോടി രൂപ വരെ കടമെടുക്കാനുള്ള പദ്ധതിക്ക് എൻ.എച്ച്.പി.സി ഡയറക്ടർ ബോർഡ് മാർച്ചിൽ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ, ഓഗസ്റ്റ് 29ന് ഇത് 10,000 കോടി രൂപയായി ഉയർത്തുകയും ചെയ്തു.
2,000 മെഗാവാട്ട് പദ്ധതിയിലെ എട്ട് യൂണിറ്റുകളിൽ നാലെണ്ണം ഈ മാസാവാസാനത്തോടെ പ്രവർത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷ. അതേസമയം, വ്യാവസായിക ഉൽപ്പാദനം എന്നാരംഭിക്കുമെന്നത് സംബന്ധിച്ച് ഇനിയും ധാരണയായിട്ടില്ല.
അരുണാചൽ പ്രദേശ്-അസം അതിർത്തിയിലെ ജെറുകാമുക്കിൽ 2005ലാണ് സുബാൻസിരി ലോവർ ഹൈഡൽ പദ്ധതിക്ക് നിർമാണാനുമതിയായത്. എന്നാൽ, പ്രാദേശിക പ്രതിഷേധങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചുള്ള കോടതി വ്യവഹാരങ്ങളും മൂലം 2011നും 2019നുമിടയിൽ നിർമാണപ്രവൃത്തികൾ നിലക്കുകയായിരുന്നു. തുടർന്ന്, 2020ഓടെയാണ് പ്രവൃത്തികൾ പുനഃരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.