ഇന്ത്യയിൽ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്ന കവര്‍സ്റ്റോറിയുമായി 'ബ്രിട്ടീഷ് ഹെറാൾഡ്' മാഗസിൻ. 'ജനാധിപത്യം ആശങ്കയിൽ: കർശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഇന്ത്യയിൽ അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വാ മൂടിക്കെട്ടിയ മോദിയുടെ ഫോട്ടോക്ക് താഴെ കത്തിയെരിയുന്ന ജനാധിപത്യവും ഇരകളുടെ ദൈന്യതയുമെല്ലാം മാഗസിന്റെ കവർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുർബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് കവർ സ്‌റ്റോറി ആരംഭിക്കുന്നത്. മാഗസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വാക്കുകൾ ചേർത്താണ് കവർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്ന ലേഖനത്തിൽ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത നിയന്ത്രണങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് ചോദ്യമുയർത്തുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യം വെല്ലുവിളി നേരിടുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല. അടുത്തിടെ യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടത്. എട്ട് വർഷത്തിന് മുമ്പുള്ളതിന് സമാനമായ രീതിയിൽ മുസ്‌ലിം സമുദായത്തോടും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നിലപാടിന്റെ പേരിൽ മോദി ഇപ്പോഴും ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പങ്കുവെച്ച ആശങ്കയും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടും രൂക്ഷ വിമർശനമുണ്ട്. 249 ചർച്ചുകളും 17 ക്ഷേത്രങ്ങളും കലാപത്തിൽ തകർക്കപ്പെട്ടു. 115 പേർ കൊല്ലപ്പെടുകയും 40,000 പേർ കുടിയിറക്കപ്പെടുകയും ചെയ്തു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് ബി.ജെ.പി സർക്കാർ മണിപ്പൂരിൽ സ്വീകരിച്ചത്. 2002ലെ ഗുജറാത്ത് കലാപസമയത്തേതിന് സമാനമായ മൗനമാണ് മണിപ്പൂർ കത്തിയെരിയുമ്പോഴും മോദി തുടരുന്നതെന്നും കുറ്റപ്പെടുത്തുന്ന ലേഖനത്തിൽ വംശീയ സംഘർഷം സാമുദായികമായി മാറിയതിന് പിന്നിൽ വിശ്വഹിന്ദു പരിഷത്തിനുള്ള പങ്കിനെക്കുറിച്ചും പരാമർശമുണ്ട്.
ഗുസ്തി താരങ്ങളുടെ സമരത്തോട് കേന്ദ്ര സർക്കാർ പുലർത്തിയ മൗനത്തിനെതിരെയും ലേഖനത്തിൽ വിമർശനമുണ്ട്. രാജ്യത്തിന് വേണ്ടി മെഡൽ നേടിയ താരങ്ങൾ അനീതി നേരിട്ടപ്പോൾ സർക്കാർ കുറ്റകരമായ മൗനം പുലർത്തി. നീതിക്കായി താരങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവന്നു. ഒടുവിൽ താരങ്ങൾ മെഡലുകൾ ഗംഗാ നദിയിലൊഴുക്കാൻ ഒരുങ്ങിയപ്പോൾ മാത്രമാണ് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 2014ൽ 140 ആയിരുന്നത് മോദി ഭരണത്തിൽ 161ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണെന്നും ഇതിൽ പറയുന്നു. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ തുടരുന്ന വിവേചനങ്ങളെക്കുറിച്ചും ലേഖനത്തിൽ വിശദമായ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.