മുംബൈ: ‘എല്ലാ ദിവസവും എെൻറ മകള്‍ കിടപ്പുമുറിയുടെ ജനാലക്കരികില്‍ വന്നു നില്‍ക്കും. കുഞ്ഞുവിരലുകള്‍ കൊണ്ട് ചില്ലിലൂടെ എന്നെ തൊടാന്‍ നോക്കും. ആ സമയത്ത് അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിക്കും. പക്ഷെ സാധിക്കില്ലല്ലോ...’ ക്വാറൻറീനിൽ കഴിയുന്ന കോവിഡ് ബാധിതയായ ഒരമ്മയുടെ വേദനയാണിത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ അലിഫിയ ജാവേരി എന്ന അമ്മയാണ് 17 മാസം പ്രായമുള്ള മകളെ പിരിഞ്ഞിരിക്കേണ്ടി വന്നതിെൻറ ദുഃഖം പങ്കുവെച്ച് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിച്ചത്.
അലിഫിയയുടെ വാക്കുകളിലേക്ക്...
എനിക്ക് കോവിഡാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം മകളെക്കുറിച്ചായിരുന്നു. ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറൻറീനില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാര്‍ എന്നോട് നിർദേശിച്ചത്. വീട്ടില്‍ തന്നെ കഴിയുകയെന്നത് ആശ്വാസകരമായിരുന്നെങ്കിലും രണ്ട്, മൂന്നാഴ്ച കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന അവസ്ഥ എനിക്ക് ചിന്തിക്കാന്‍ കൂടി സാധിക്കുമായിരുന്നില്ല.
ക്വാറൻറീനില്‍ ആയിട്ട് ഇന്ന് ആറ് ദിവസം കഴിഞ്ഞിരിക്കുന്നു. എല്ലാ ദിവസവും എെൻറ മകള്‍ കിടപ്പുമുറിയുടെ ജനാലക്കരികില്‍ വന്നു നില്‍ക്കും. കുഞ്ഞുവിരലുകള്‍ കൊണ്ട് ചില്ലിലൂടെ എന്നെ തൊടാന്‍ നോക്കും. ആ സമയത്ത് അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിക്കും. പക്ഷേ, സാധിക്കില്ലല്ലോ. എന്തൊക്കെയോ അവളുടെ ഭാഷയില്‍ പറയും.
ഒരു ദിവസം കൈകള്‍ വൃത്തിയാക്കാന്‍ അവൾ പറഞ്ഞത് എന്നെ ഞെട്ടിച്ചു. മറ്റൊരു ദിവസം മാസ്ക് ധരിക്കാന്‍ മറന്ന എെൻറ ഭര്‍ത്താവിനോട് അവള്‍ മാസ്കിടാന്‍ പറഞ്ഞു. ജനിച്ച അന്നു മുതല്‍ അവളെന്നോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. എല്ലാ ദിവസവും രാത്രി എന്നോടൊപ്പം ഉറങ്ങാന്‍ വേണ്ടി വാശി പിടിച്ച് കരയും. പക്ഷെ ഞങ്ങളെന്ത് ചെയ്യാനാണ്? അവളുടെ സുരക്ഷയല്ലേ വലുത്.
എെൻറ ഭര്‍ത്താവും അദ്ദേഹത്തിെൻറ സഹോദരിയും ചേര്‍ന്നാണ് മകളെ നോക്കുന്നത്. അവര്‍ അവളെ നന്നായി നോക്കുന്നുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് അവള്‍ എഴുന്നേല്‍ക്കും. ഞാനവിടെ ഇല്ലെന്നറിയുമ്പോള്‍ കരയും. അത് കേള്‍ക്കുമ്പോള്‍ എെൻറ ഹൃദയം തകരും. എെൻറ മുറിയുമായി ഞാന്‍ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുണികളും പാത്രങ്ങളും കഴുകുന്നു, ടിവി കാണുന്നു, ധ്യാനത്തിലേര്‍പ്പെടുന്നു.
എല്ലാത്തിലുപരി ജനാലച്ചില്ലിലൂടെ മകളെ കണ്ടുകൊണ്ടിരിക്കാനാണ് കൂടുതല്‍ സമയവും ഞാന്‍ ചെലവഴിക്കുന്നത്. അവള്‍ സുരക്ഷിതയാണെന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ഉടനെ തന്നെ അവളെ ചേര്‍ത്തുപിടിക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും എെൻറ ഒരു ചെറിയ പതിപ്പാണ് അവള്‍. എന്നെപ്പോലെ വസ്ത്രം ധരിക്കാനും നടക്കാനും അവള്‍ ഇഷ്ടപ്പെടുന്നു. അവളെ കെട്ടിപ്പിടിച്ചുറങ്ങുന്ന ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്...
പോസ്റ്റിന് 1,800ലധികം പേരാണ് കമൻറുകളുമായെത്തിയത്. കുട്ടികളുള്ള അമ്മമാര്‍ക്ക് ഈ ദുഃഖം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു ഒരാളുടെ കമൻറ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഉടൻ മകൾക്കൊപ്പം ചേരാനാകട്ടെയെന്നും ആശംസിച്ചവർ നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.