1. മുദ്ദസിര്‍ അഹമ്മദ് ശൈഖിന്റെ മാതാവ് ശമീമ അക്ത​ർ. 2. മരണാനന്തരബഹുമതിയായി ശൗര്യചക്ര സമ്മാനിച്ച ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു, ശമീമയെ ആശ്ലേഷിക്കുന്നു. പിതാവും റിട്ട. പൊലീസുകാരനായ മുഹമ്മദ് മഖ്സൂദ് സമീപം. 3. മുദ്ദസിര്‍ അഹമ്മദ് ശൈഖ് (ഫയൽ ചിത്രങ്ങൾ)

വീരമൃത്യുവരിച്ച പൊലീസുകാരന്റെ ഉമ്മയെ നാടുകടത്തുമെന്നത് അടിസ്ഥാനരഹിതമെന്ന് പൊലീസ്; ആദ്യ അറിയിപ്പിൽ ഉമ്മയു​ടെ പേരുണ്ടായിരുന്നുവെന്ന് സഹോദരൻ

ശ്രീന​ഗര്‍: പാകിസ്താനിലേക്ക് നാടുകടത്തിയവരിൽ രാജ്യത്തിന് വേണ്ടി ഏറ്റുമുട്ടി വീരമൃത്യുവരിച്ച പൊലീസുകാരന്റെ ഉമ്മയും ഉൾപ്പെട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജമ്മു കശ്മീർ പൊലീസ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ബാരാമുള്ള പൊലീസ് മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ‘കോൺസ്റ്റബിൾ ശഹീദ് മുദ്ദസിർ അഹമ്മദിന്റെ മാതാവിനെ പാകിസ്താനിലേക്ക് അയച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജവും അടിസ്ഥാനരഹിതവുമാണ്’ - പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഉമ്മയുടെ പേര് നാടുകടത്തേണ്ടവരുടെ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഒഴിവാക്കിയതായി പൊലീസ് അറിയിച്ചുവെന്നും മുദ്ദസിർ അഹമ്മദിന്റെ സഹോദരൻ നാസിർ മഖ്‌സൂദ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം ചെയ്തയാളാണ് എന്റെ സഹോദരൻ. എന്റെ ഉമ്മയോട് എങ്ങനെയാണ് ഇവിടെ നിന്ന് പോകാൻ ആവശ്യപ്പെടുക? ഞങ്ങളുടെ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഓഫിസർ വൈകീട്ട് വീട്ടിലെത്തി ഉമ്മയുടെ പേര് നാടുകടത്താനുള്ള ആളുകളുടെ പട്ടികയിൽ ഉണ്ടെന്ന് അറിയിച്ചു. പിന്നീട് അവരുടെ നാടുകടത്തൽ നിർത്തിവച്ചിരിക്കുകയാണെന്ന് വിവരം ലഭിച്ചു’ -ഉറിയിലുള്ള നാസിർ മഖ്‌സൂദ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനിലേക്ക് നാടുകടത്തുന്ന 60 പേരുടെ പട്ടികയിലാണ് 2022 മേയിൽ ഭീകരരെ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച ശൗര്യ ചക്ര ജേതാവ് കോൺസ്റ്റബിള്‍ മുദ്ദസിര്‍ അഹമ്മദ് ശൈഖിന്റെ മാതാവ് ശമീമ അക്ത​റിനെയും ഉൾപ്പെടുത്തിയത്. ശ്രീന​ഗറിൽനിന്നുള്ള 36 പേരെയും ബാരാമുള്ള, കുപ്‍വാര എന്നിവിടങ്ങളിൽ നിന്ന് ഒമ്പതുപേരെ വീതവും ബുദ്ഗാമിലെ നാല് പേരെയും ഷോപ്പിയാനിലെ രണ്ടുപേരെയുമാണ് നാടുകടത്തുന്നത്.

പാക് അധിനിവേശ കശ്മീരിൽനിന്ന് 20ാം വയസ്സിലാണ് ശമീമ അക്തർ ഇന്ത്യയിലെത്തിയത്. 65കാരിയായ ഇവർ 45 വര്‍ഷമായി ഇന്ത്യയിൽ സ്ഥിരതാമസക്കാരിയാണ്. ശമീമയെ നാടകടുത്തരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ‘ശമീമ അക്തര്‍ പാക് അധിനിവേശ കശ്മീരിൽനിന്നാണ്. അത് നമ്മുടെ ഭൂമിയാണ്. പാകിസ്താനികളെ മാത്രമാണ് നാടുകടത്തേണ്ടത്’ -സഹോദരൻ മുഹമ്മദ് യൂനസ് പറഞ്ഞു.

മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരം നൽകി മുദ്ദസിര്‍ അഹമ്മദ് ശൈഖിനെ രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽ നിന്ന് മാതാവ് ശമീമ അക്തറും ഭര്‍ത്താവും റിട്ട. പൊലീസുകാരനായ മുഹമ്മദ് മഖ്സൂദുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന്റെ ഫോട്ടോയും വിഡിയോയും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. മുദ്ദസിറിന്റെ വീട്ടിൽ മരണാനന്തരം ആദരമർപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്റ്റനന്റ് ഗവർണറും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആദരസൂചകമായി ബാരാമുള്ള ടൗൺ സ്ക്വയറിന് ഷഹീദ് മുദ്ദസിര്‍ ചൗക്ക് എന്ന് പേരും നൽകിയിട്ടുണ്ട്.

Tags:    
News Summary - Mother of Shaurya Chakra awardee Mudasir Ahmad not being deported to Pakistan, Baramulla Police clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.