ബംഗളൂരു: നവജാതശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ 27കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രാധ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു നെലമംഗലയിലാണ് സംഭവം. യുവതി പ്രസവാനന്തര വിഷാദാവസ്ഥയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസം തികയാതെയാണ് രാധ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് നിർത്താതെ കരയുന്നതിൽ രാധ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പാൽ കുടിക്കാനും തയാറായിരുന്നില്ല. കുഞ്ഞിന് വളർച്ചാ തകരാറുകൾ ഉണ്ടെന്നാണ് ഇവർ കരുതിയത്.
പ്രസവത്തിന് ശേഷം വിശ്വേശരപുരത്തെ സ്വന്തം വീട്ടിലാണ് രാധയും കുഞ്ഞുമുണ്ടായിരുന്നത്. രാധയുടെ ഭർത്താവ് തൊഴിൽരഹിതനും മദ്യപാനിയുമായിരുന്നു. കുഞ്ഞിനെ കാണാനും ഇയാൾ വരാറുണ്ടായിരുന്നില്ല. ഇവയെല്ലാം ചേർന്ന് യുവതി അങ്ങേയറ്റം അസ്വസ്ഥയായിരുന്നു.
തിങ്കളാഴ്ച കുഞ്ഞ് നിർത്താതെ കരയുകയും പാൽ കുടിക്കാൻ മടിക്കുകയും ചെയ്തു. ഇതോടെ രാധ പാത്രത്തിൽ വെള്ളമെടുത്ത് സ്റ്റൗവിൽ വെച്ച് തിളപ്പിക്കുകയും ശേഷം കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രസവത്തിന് പിന്നാലെ 15 ശതമാനം സ്ത്രീകളിലെങ്കിലും പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നതായാണ് കണക്ക്. ഉത്കണ്ഠ, കുറഞ്ഞ ഊര്‍ജ്ജം, അത്യധികമായ ദുഖം, ഭക്ഷണം കഴിക്കുന്നതിലും ഉറങ്ങുന്നതിലും പ്രശ്നങ്ങള്‍, ആത്മഹത്യ ചിന്തകള്‍ തുടങ്ങി പല തരം പ്രശ്നങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. സമീപകാലത്ത് പ്രസവാനന്തര വിഷാദത്തെ തുടർന്ന് അമ്മമാർ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തില്‍ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.
വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കാണ്‍സിലിങ്, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.