മതസ്വാതന്ത്ര്യ ലംഘനം; സഹാറൻപുർ മസ്ജിദ് പൊളിച്ചതിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുസ്ലിം പേഴ്സനൽ ലോ ബോർഡ്
ന്യൂഡൽഹി: സഹാറൻപുർ കലക്ടറേറ്റ് പരിസരത്ത് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മസ്ജിദ് പൊളിച്ചു നീക്കിയ സംഭവം നിയമവാഴ്ചയുടെയും മത സ്വാതന്ത്ര്യന്റെയും മൗലികമായ നീതി ദർശനങ്ങളുടെയും ഗുരുതര ലംഘനമാണെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. പൊളിക്കാൻ അനുവാദം നൽകിയ നിയമ ചട്ടങ്ങളും വെളിപ്പെടുത്തണം. പള്ളി മാനേജ്മെന്റ് ഉന്നത കോടതികളെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോർഡ് വക്താവ് എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16ന് മജിസ്ട്രേറ്റ് കോടതിയാണ് മസ്ജിദ് അനധികൃത നിർമാണമാണെന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കുടിയൊഴിപ്പിക്കണമെന്നും ഉത്തരവിട്ടത്. ഇതിനെതിരെ ജില്ല കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. പള്ളി സീൽ ചെയ്യുക മാത്രമേ ഉണ്ടാകൂ എന്ന് നാട്ടുകാർക്ക് ഭരണകൂടം ഉറപ്പുനൽകിയിരുന്നെങ്കിലും പുലർച്ച നാലു മണിയോടെ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു.
ഒഴിപ്പിക്കണമെന്ന ഉത്തരവ് പോലും പൊളിച്ചു നീക്കുന്നതിന് ന്യായമാകില്ലെന്ന് ഇല്യാസ് കൂട്ടിച്ചേർത്തു. ജില്ല കോടതി വിധിക്കെതിരെ ഉയർന്ന കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് സാവകാശം നൽകിയില്ല. ഭൂമി സർക്കാറിന്റെതാണെന്ന അവകാശവാദമുണ്ടെങ്കിൽ സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ പ്രകാരം ന്യായമായ വിചാരണ നടക്കണം. തകർക്കപ്പെട്ട ഭൂമിയിൽ 20 അടി താഴ്ചയുള്ള പൗരാണിക കിണർ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തേ ദേശീയ പുരാവസ്തു വകുപ്പ് സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിരുന്നു.
2025ൽ ബജ്രംഗ്ദൾ കൺവീനർ വികാസ് ത്യാഗി നൽകിയ പരാതിയോടെയാണ് മസ്ജിദിനെ ചൊല്ലി വിവാദം തുടങ്ങുന്നത്. മജിസ്ട്രേറ്റ്, ജില്ല കോടതികൾ അനധികൃതമെന്ന് വിധി പറഞ്ഞതോടെ ഭരണകൂടം രായ്ക്കുരാമാനം പൊളിച്ചുനീക്കുകയായിരുന്നു. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.