ശൈഖ് ഹസീനയുടെ കൈമാറ്റം: നിയമനടപടികൾക്കൊപ്പം രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്ന് ബംഗ്ലാദേശ്

ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ്. നിയമപരമായ നടപടികൾക്കൊപ്പം കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും ഇതിൽ അത്യാവശ്യമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ശമ ഉബൈദ് ഇസ്‍ലാം മാധ്യമങ്ങളോട് വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ അഭ്യർത്ഥനയിൽ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും കോടതികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർ ദിനേഷ് ത്രിവേദി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശിന്റെ പ്രതികരണം. കൈമാറ്റ നടപടികൾ വ്യക്തവും സംഘടിതവുമാണെന്നും പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ബേ ഓഫ് ബെംഗാൾ കോൺവെർസേഷനിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ നിയമനടപടികൾക്കൊപ്പം ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണമെന്ന് ശമ ഉബൈദ് ഇസ്‍ലാം ഓർമിപ്പിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് അത്തരം രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും അതുണ്ടാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുറ്റാരോപിതയായ ശൈഖ് ഹസീനയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

അതേസമയം, ഇന്ത്യയിലെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ബംഗ്ലാദേശ് ഹൈക്കമീഷണർ റിയാസ് ഹമീദുല്ല ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്താൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് 18 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷം റിയാസ് ഹമീദുല്ല വ്യക്തമാക്കി. 

Tags:    
News Summary - India's political will needed to extradite Sheikh Hasina: Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.