രാജ്യസഭാ തെരഞ്ഞെടുപ്പ്; മുൻ തൃണമൂൽ എം.പി രുക്മിണി മല്ലിക്കിനും ദിനേഷ് ആര്യക്കും ബി.ജെ.പി ടിക്കറ്റ്
ന്യൂഡൽഹി: ഒക്ടോബർ 16ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ രുക്മിണി മല്ലിക്കിനെയും ഉത്തരാഖണ്ഡിൽ ദിനേഷ് ആര്യയെയും സ്ഥാനാർഥികളാക്കി ബി.ജെ.പി. സ്ഥാനാർഥികളുടെ പേരുകൾ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതായി പാർട്ടി അറിയിച്ചു.
ബംഗാളിൽ രുക്മിണി മല്ലിക് എന്ന പേരിലാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. നടി കോയൽ മല്ലിക് എന്ന പേരിൽ അറിയപ്പെടുന്ന രുക്മിണി മല്ലിക് നേരത്തെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു. ജൂലൈ 16ന് രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ അവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. അവരുടെ രാജിയെ തുടർന്നാണ് പശ്ചിമ ബംഗാളിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തരാഖണ്ഡിൽ ബി.ജെ.പി സംഘടനാ രംഗത്ത് സജീവമായ ദിനേഷ് ആര്യയെയാണ് സ്ഥാനാർഥിയാക്കിയത്. നിലവിൽ ഉത്തരാഖണ്ഡ് വാട്ടർ റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് റെഗുലേറ്ററി കമീഷൻ വൈസ് ചെയർമാനാണ് അദ്ദേഹം. ഉത്തരാഖണ്ഡിൽ നിലവിലെ ബി.ജെ.പി രാജ്യസഭാംഗം നരേഷ് ബൻസാലിന്റെ കാലാവധി നവംബർ 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി രാജ്യസഭയിലെ 12 സീറ്റുകളിലേക്കാണ് ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഉത്തർപ്രദേശിലെ 10 സീറ്റുകളും ഉത്തരാഖണ്ഡിലെ ഒരു സീറ്റും കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.