നിർമല സീതാരാമന്റെ പ്രസംഗത്തിനിടെ കൂക്കി; ജനരോഷമെന്ന് കോൺഗ്രസ്, ആവേശ പ്രകടനമെന്ന് എൻ.ഡി.എ
വിജയവാഡ: ആന്ധ്രപ്രദേശിലെ റായലസീമയിൽ നടന്ന പരിപാടിക്കിടെയുണ്ടായ പ്രതിഷേധത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം തടസപ്പെട്ടെന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പ്രസ്താവനയെ തള്ളി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഐ.ടി മന്ത്രി നാരാ ലോകേഷും. നിർമല സീതാരാമന്റെ പ്രസംഗത്തിനിടെ ഉയർന്നത് തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമല്ലെന്നും ജനങ്ങളുടെ ആവേശപ്രകടനമായിരുന്നെന്നുമാണ് നായിഡുവിന്‍റെ വാദം.
വെള്ളിയാഴ്ച അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയിൽ നടന്ന ഒരു ലക്ഷം കോടി രൂപയുടെ ‘ഗ്ലോബൽ ഹോർട്ടികൾച്ചർ ഹബ് – റായലസീമ റൈസിങ്’ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ തർക്കം ഉടലെടുത്തത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
സമൂഹമാധ്യമമായ എക്സിൽ പ്രചരിച്ച വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ജയ്‌റാം രമേശ് രംഗത്തെത്തിയത്. തൊഴിലില്ലായ്മയെച്ചൊല്ലിയുള്ള ജനരോഷം കാരണം ധനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങളെ നിശബ്ദരാക്കാൻ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടിവന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ജയ്‌റാം രമേശിന്റെ വ്യാഖ്യാനം തെറ്റായിരുന്നുന്നെന്നും ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
പരിപാടിയിൽ പങ്കെടുത്തവർ വളരെ ആവേശത്തിലായിരുന്നു. അതിനാൽ പരിപാടി സുഗമമായി മുന്നോട്ടുകൊണ്ട് പോകേണ്ടതുണ്ട്. അതിനാൽ തനിക്ക് ഇടപെടേണ്ടിവന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെയും ഇന്ത്യയിലെയും ജനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ എത്രത്തോളം അകന്നുനിൽക്കുന്നുവെന്നതിന്റെ തെളിവാണ് ജനങ്ങളുടെ ആവേശത്തെ ജനരോഷമായി തെറ്റിദ്ധരിച്ചതിനു കാരണമെന്നും നായിഡു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.