ഉജ്ജൽ ഭുയാൻ,ഗ്യാനേഷ് കുമാർ

‘വോട്ടവകാശം ഭരണഘടനയുടെ അവിഭാജ്യ ഘടകം’; ജസ്റ്റിസ് ഭുയാന് പിന്തുണയുമായി പ്രതിപക്ഷം

ന്യൂഡൽഹി: വോട്ടവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ നടത്തിയ പരാമർശത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ് നേതാവ് ജയറാം രമേശും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമാണ് ജഡ്ജിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ നാൽസാർ നിയമ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, വോട്ടവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടനയുടെ അന്തസത്തക്ക് എതിരാണെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞിരുന്നു.

ഈ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ജയറാം രമേശ് രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ജയറാം രമേശ് ഉന്നയിച്ചത്. ‘ജസ്റ്റിസ് ഭുയാൻ സിഇസിയെ പൂർണമായും തുറന്നുകാട്ടി’ എന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ജി2 വിന്റെ നിയമവിരുദ്ധ ഉത്തരവുകൾ നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് രാജ്യത്തിന് തന്നെ ബാധ്യതയായി മാറിയിരിക്കുന്നു’ എന്നും രമേശ് ആരോപിച്ചു.

തൃണമൂൽ എംപി മഹുവ മൊയ്ത്രയും ജഡ്ജിയെ അഭിനന്ദിച്ചു. അധികാരത്തിന് നേരെ സത്യം വിളിച്ചുപറയാൻ സിറ്റിങ് ജഡ്ജി തയാറാകുന്നത് അപൂർവമാണെന്നും "ജസ്റ്റിസ് ഭുയാന് അഭിനന്ദനങ്ങൾ" എന്നും അവർ കുറിച്ചു. ഞായറാഴ്ച നാൽസാറിൽ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ സുപ്രധാന പരാമർശങ്ങൾ നടത്തിയത്.

‘വോട്ടവകാശം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരെ വോട്ടവകാശമില്ലാത്തവരാക്കി, സ്വന്തം രാജ്യത്ത് തന്നെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന ഏതൊരു നടപടിക്രമവും അന്തർലീനമായി ഏകപക്ഷീയമായിരിക്കും അദ്ദേഹം പറഞ്ഞു.

ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഇത് ഭരണഘടനയുടെ ഹൃദയത്തിൽ തന്നെ മുറിവേൽപ്പിക്കുന്നു ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു. ഭരണഘടന വോട്ടവകാശമുള്ളവരും ഇല്ലാത്തവരും വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടത്തോടെയുള്ള വോട്ടവകാശ നിഷേധം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 326 എന്നിവയുടെ ലംഘനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ ഉൾപ്പെടാനുള്ള അവകാശത്തെയും വോട്ടവകാശത്തെയും പൗരത്വത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്നും, അത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ-നിയമ വിവാദങ്ങൾക്കിടെയാണ് ജഡ്ജിയുടെ ഈ പരാമർശം എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Opposition Supports Justice Bhuyan Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.