പ്രതിപക്ഷ പാര്‍ട്ടികളുടെ പെരുമാറ്റം ജനാധിപത്യവിരുദ്ധം –മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ പെരുമാറ്റം ജനാധിപത്യവിരുദ്ധമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്തംഭനാവസ്ഥ സൃഷ്ടിച്ച് കറന്‍സി നിരോധനം പോലൊരു പ്രധാന പരിഷ്കരണ നടപടിയെക്കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചനടത്താന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ളെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പാര്‍ലമെന്‍റ് മന്ദിരത്തില്‍ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കറന്‍സി നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കിയ ജനങ്ങളെ പ്രശംസിച്ച് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അവതരിപ്പിച്ച പ്രമേയം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പിന്താങ്ങി.

സര്‍ക്കാറുകളുടെ നിരവധി തീരുമാനങ്ങള്‍ കഴിഞ്ഞ ദശകങ്ങളില്‍ പാര്‍ലമെന്‍റ് ചര്‍ച്ചചെയ്തിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയില്‍ പലതും സംഘര്‍ഷവും സാമൂഹികമായ ഭിന്നതകളുമുണ്ടാക്കിയതായിരുന്നു. എന്നാല്‍, കറന്‍സി നിരോധനം പോലെ ക്രിയാത്മകമായ സര്‍ക്കാര്‍ നടപടിയില്‍ ബി.ജെ.പിയുടെ എതിര്‍ പാര്‍ട്ടികള്‍ ചര്‍ച്ച സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ സര്‍ക്കാറിനുണ്ട്. വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യണം. താന്‍ രാജ്യസഭയില്‍ പോയപ്പോള്‍ തനിക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതിനുശേഷവും താന്‍ രാജ്യസഭയിലിരുന്നു.  എന്നിട്ടും അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പ്രതിപക്ഷത്തെ തുറന്നുകാണിക്കണമെന്ന് മോദി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടു.

ഇന്ത്യ പണരഹിതമായ ഡിജിറ്റല്‍  സമ്പദ്ഘടനയിലേക്ക് മാറുകയാണ്. ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനിറങ്ങാന്‍ ബി.ജെ.പി എം.പിമാരോട് മോദി ആവശ്യപ്പെട്ടു.

Tags:    
News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.