താഷ്‍കന്റ്: യുറേനിയത്തിന്റെ ദീർഘകാല വിതരണത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കാനും ഉഭയകക്ഷി ബന്ധങ്ങളെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താനും തീരുമാനിച്ച് ഇന്ത്യയും ഉസ്ബകിസ്താനും. വിദേശ സന്ദർശനത്തിന്റെ ഭാഗമായി ഉസ്ബകിസ്താനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.
വാണിജ്യം, നിക്ഷേപം, അടിസ്ഥാനസൗകര്യം, ധാതുക്കൾ, ഖനനം, പ്രതിരോധം, സുരക്ഷ, കൃഷി, ഔഷധങ്ങൾ, ആരോഗ്യം, വിവരസാങ്കേതിക വിദ്യ, യു.പി.ഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ഇരുവരും ചർച്ച നടത്തിയത്. 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ളത് 100 കോടി ഡോളറിന്റെ വ്യാപാരമാണ്. ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖനനം, സാംസ്കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിരവധി കരാറുകളും ഒപ്പിട്ടു. ശുദ്ധോർജം ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ശനിയാഴ്ച ഉസ്ബകിസ്താനിലെത്തിയത്. സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഊർജ ഉൽപാദനത്തിന് ഉസ്ബകിസ്താനിൽ നിന്ന് സമ്പുഷ്ട യുറേനിയം ഇറക്കുമതി ചെയ്യാനാവുമോയെന്നാണ് ഇന്ത്യയുടെ ശ്രമം.
മോദിക്ക് ഉസ്‍ബകിസ്താന്‍റെ പരമോന്നത ബഹുമതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്‍ബകിസ്താന്‍റെ പരമോന്നത ബഹുമതിയായ ഒലിയി ദരാജലി ദോസ്‍ത്‍ലിക് സമ്മാനിച്ചു. താഷ്‍കന്‍റിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഷാവ്‍കാത്ത് മിർസിയോയേവാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യയും ഉസ്‍ബകിസ്താനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിനായി പുരസ്കാരം സമർപ്പിക്കുകയാണെന്ന് മോദി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
വ്യാപാരവും ഊർജവും ഉൾപ്പെടെ വിവിധ രംഗങ്ങളിലെ ബന്ധം ശക്തിപ്പെടുത്താൻ രണ്ടുദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഉസ്‍ബകിസ്താനിൽ എത്തിയത്. പരമോന്നത ബഹുമതി ലഭിച്ചത് തനിക്ക് മാത്രമല്ല, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇത് അഭിമാനകരമാണെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്‍റുമായി അദ്ദേഹം നേരത്തെ ചർച്ച നടത്തിയിരുന്നു. സംഭാഷണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ സമഗ്ര പങ്കാളിത്തമായി ഉയർത്താൻ തീരുമാനമായി. തുടർന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം കിർഗിസ്താനിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.