ന്യൂഡൽഹി: പഞ്ചസാര വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾക്കിടയിലും രാജ്യത്ത് പഞ്ചസാരയുടെ റീട്ടെയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30-ന് ഇന്ത്യയിൽ പഞ്ചസാരയുടെ ശരാശരി റീട്ടെയിൽവില കിലോക്ക് 64.24 രൂപയാണ്.
ഒരു ആഴ്ച മുമ്പ് കിലോക്ക് 63.12 രൂപയായിരുന്ന പഞ്ചസാരയുടെ വിലയിൽ 1.77 ശതമാനം വർധനയാണ് ഉണ്ടായത്. ഒരു മാസം മുൻപിനെ അപേക്ഷിച്ച് വില 30 ശതമാനവും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38.63 ശതമാനവും ഉയർന്നു.
രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന റീട്ടെയിൽ വില കിലോക്ക് 74 രൂപയും ഏറ്റവും കുറഞ്ഞത് 40 രൂപയുമാണ്. ഡൽഹിയിൽ പഞ്ചസാര കിലോക്ക് 62 രൂപക്കും, മുംബൈയിൽ 66 രൂപക്കും, ചെന്നൈയിൽ 63 രൂപക്കും, റാഞ്ചിയിൽ 68 രൂപക്കുമാണ് വിറ്റഴിക്കുന്നത്.
മൊത്തവിപണിയിലും വില വർധന തുടരുകയാണ്. പഞ്ചസാരയുടെ ശരാശരി മൊത്തവില കിലോക്ക് 59.73 രൂപയായി ഉയർന്നു. ഒരു മാസം മുൻപിനെ അപേക്ഷിച്ച് 31 ശതമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38.63 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ മില്ലുകളിൽ നിന്നുള്ള പഞ്ചസാരയുടെ വില ഏകദേശം 20 ശതമാനം കുറഞ്ഞെങ്കിലും വിപണിയിൽ പഞ്ചസാര വില ഉയർന്ന നിലയിൽ തുടരുകയാണ്.
ഇറക്കുമതിക്ക് അനുമതി നൽകുന്നതിനൊപ്പം വ്യാപാരികൾക്കും വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കും സ്റ്റോക്ക് പരിധികൾ കർശനമാക്കുകയും പഞ്ചസാര കയറ്റുമതി നേരത്തെ തന്നെ നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ശേഖരമുണ്ടെന്നും ചില മില്ലുകളാണ് വില കൃത്രിമമായി ഉയർത്തുന്നതെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.
രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ, 2025-26 വിപണന വർഷത്തിലെ (ഒക്ടോബർ-സെപ്റ്റംബർ) ഉൽപാദനം 306 ലക്ഷം ടണ്ണായി കുറയുമെന്നാണ് നിലവിലെ കണക്ക്. നേരത്തെ ഇത് 343 ലക്ഷം ടണ്ണായി കണക്കാക്കിയിരുന്നു. അതേസമയം, രാജ്യത്തെ വാർഷിക ആഭ്യന്തര ആവശ്യകത 280 മുതൽ 285 ലക്ഷം ടൺ വരെയാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.