ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിലെ ശുചിമുറിയിൽ 22കാരിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവിനെയും കുട്ടിയെയും കാണാതായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലാണ് സംഭവം. ശനിയാഴ്ചയാണ് 22കാരി സബില ഖാത്തൂണിന്റെ മൃതദേഹം വീട്ടിലെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് ലാൽബാബുവിനെയും അവരുടെ കുഞ്ഞിനെയും കാണാതായതായി യുവതിയുടെ സഹോദരൻ മുഹമ്മദ് ഗുലാബ് പൊലീസിനോട് പറഞ്ഞു.
രണ്ടുവർഷം മുമ്പായിരുന്നു സബിലയുടെയും മുഹമ്മദ് ലാൽബാബുവിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും പ്രഹ്ലാദ്പൂർ ബംഗാർ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച മുഹമ്മദ് ഗുലാബ് സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ സബിലയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുലാബ് ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത കുഞ്ഞിനെയും കാണാതായതായി പൊലീസ് പറഞ്ഞു. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.