വാഹന പരിശോധനയ്ക്കിടെ പോലീസുമായി ഏറ്റുമുട്ടി; മേഘാലയയിൽ നാല് ആയുധധാരികൾ കൊല്ലപ്പെട്ടു

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുമായുണ്ടായ വെടിവെയ്പ്പിൽ നാല് ആയുധധാരികൾ കൊല്ലപ്പെട്ടു. സോങ്സാക് മേഖലയിൽ ഞായറാഴ്ച പുലർച്ച നാലിനായായിരുന്നു സംഭവം. പരിശോധനയ്ക്കായി എത്തിയ പോലീസ് സംഘത്തിന് നേരെ കാറിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് നാലുപേരും കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക വിവരങ്ങളും തിരിച്ചറിയൽ നടപടികളും പുരോഗമിക്കുകയാണ്. എങ്കിലും, ഇവർക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചനകളാണ് പ്രാഥമികമായി പുറത്തുവരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 25ന് അന്തർസംസ്ഥാന അതിർത്തിക്ക് സമീപമുള്ള താപ്രായിൽ നടന്ന ഒരു കുറ്റകൃത്യവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ കോണിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

ആദ്യം കൊല്ലപ്പെട്ടവരുടെ യഥാർഥ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് മുൻഗണന നൽകുന്നതെന്ന് ഈസ്റ്റ് ഗാരോ ഹിൽസ് സൂപ്രണ്ട് ഓഫ് പോലീസ് സ്വപ്നിൽ പവാർ വ്യക്തമാക്കി. ഇതിനുശേഷമേ ഇവരുടെ ഭൂതകാലവും മറ്റ് കേസുകളിലെ പങ്കാളിത്തവും പൂർണമായി സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെടിവെയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രദേശത്ത് പൊലീസ് സംഘം പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Four armed men killed in police encounter during vehicle check in Meghalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.