ന്യൂഡൽഹി: പാർട്ടിയുടെ ഉന്നത നേതൃത്വത്തിനെതിരെ മോദിയും അമിത് ഷായും ചേർന്ന് ഉപദ്രവം, ഭീഷണിപ്പെടുത്തൽ എന്നിവയുടെ ‘പ്രതികാര രാഷ്ട്രീയം’ തുടരുകയാണെന്ന ആരോപണവുമായി കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തതിനു പിന്നാലെയാണ് കോൺഗ്രസ് ആഞ്ഞടിച്ചത്.
‘ഭീഷണിപ്പെടുത്തുന്നവർ സ്വയം അരക്ഷിതരും ഭയമുള്ളവരുമാണ്. നാഷണൽ ഹെറാൾഡ് കേസ് പൂർണമായും വ്യാജ കേസാണ്. സത്യം ഒടുവിൽ വിജയിക്കുമെന്നും’ പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. കോൺഗ്രസ് പാർട്ടി നേരത്തെ തന്നെ ഈ അന്വേഷണത്തെ ‘വറും പ്രതികാര തന്ത്രങ്ങൾ’ എന്നാരോപിക്കുകയും ഇ. ഡിയെ ബി.ജെ.പിയുടെ ‘സഖ്യ പങ്കാളി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
പാർട്ടി കുടുംബം വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കുന്ന ഉന്നതതല കേസിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഒക്ടോബർ 3ന് ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഗാന്ധി കുടുംബത്തിനും മറ്റു ഏഴ് പേർക്കുമെതിരെ പരാതി നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി കോടതി ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു. പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ഉത്തരവ് പ്രഖ്യാപിക്കുന്നത് ഡിസംബർ 16 ലേക്കാണ് മാറ്റിയത്.
ഐ.പി.സിയിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 403 (സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം), 406 (ക്രിമിനൽ വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ), 420 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്.ഐ.ആറിൽ കേസെടുത്തിരിക്കുന്നത്. ഗാന്ധി കുടുംബം, കോൺഗ്രസ് നേതാക്കളായ സുമൻ ദുബെ, സാം പിത്രോഡ, യങ് ഇന്ത്യ, ഡോട്ടെക്സ് മെർച്ചൻഡൈസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ, ഡോട്ടെക്സ് പ്രൊമോട്ടർ സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) തുടങ്ങിയ സ്ഥാപനങ്ങൾ തുടങ്ങിയ പേരുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.