രാഹുൽ ഗാന്ധി

മോദിക്ക് ട്രംപിനെ പേടിയെന്ന് രാഹുൽ, അവകാശവാദങ്ങളോട് പ്രതികരിക്കാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമാണെന്ന് ​പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ദർഭാൻഗയിൽ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർ​ശിച്ചത്.

അതിർത്തിയിലെ ഇന്ത്യ-പാക് സംഘർഷം ഇല്ലാതാക്കിയത് താനാണെന്നാണ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ബിഹാറിൽ വരുമ്പോൾ മോദി പ്രതികരിക്കുമോ എന്നും രാഹുൽ ചോദിച്ചു.

‘‘50 തവണയെങ്കിലും ട്രംപ് അവകാശവാദമുന്നയിച്ചു. ഒരിക്കൽപോലും മോദി അത് നിഷേധിച്ചില്ല. ഒരു വാക്കുപോലും പറഞ്ഞതുമില്ല. യഥാർഥത്തിൽ ട്രംപ് പല രാജ്യങ്ങളിൽനിന്നും മോദിയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് കള്ളം പറയുന്നുവെന്ന് പ്രതികരിക്കാൻ മോദിക്ക് ധൈര്യമില്ല. ട്രംപിനെ കാണുമ്പോൾ അദ്ദേഹം കുനിയുകയാണ്’’ -രാഹുൽ പറഞ്ഞു.

1971ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് യു.എസ് പ്രസിഡന്റ് നിക്സണോട് ഇന്ദിര ഗാന്ധി ‘നിങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന്’ പറഞ്ഞ സന്ദർഭവും രാഹുൽ ഓർമിപ്പിച്ചു. തുടർന്ന്, ട്രംപിന്റെ അവകാശവാദങ്ങളിൽ മോദിയുടെ മൗനത്തെ ‘എക്സി’ലും രാഹുൽ വിമർശിച്ചു. ദക്ഷിണ കൊറിയയിലെത്തിയ ട്രംപ് അവകാശവാദം ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കോൺഗ്രസ് നേതാവ് ജയ്റാം രമേശും വിമർശനവുമായി രംഗത്തെത്തി.

Tags:    
News Summary - Modi is scared of Trump, claims Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.