നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന റോഡ് ഷോയിൽ മുഖ്യമന്ത്രി മമത ബാനർജി, പശ്ചിമ ബംഗാളിലെ ജർഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊൽക്കത്ത: ലോക്സഭയിലെ പ്രതിപക്ഷ ഐക്യത്തിന് മുന്നിൽ, കേന്ദ്ര സർക്കാർ അജണ്ട പൊളിഞ്ഞതിന്റെ അരിശം തെരഞ്ഞെടുപ്പ് ഗോദയിൽ തീർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 23നും 29നുമായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ പ്രചാരണ റാലികളിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കും കോൺഗ്രസിനുമെതിരെ രൂക്ഷമായ ആക്രമണത്തിനാണ് നരേന്ദ്ര മോദി തുടക്കംകുറിച്ചത്.
മണ്ഡല പുനർനിർണയ അജണ്ടയുമായി വനിതാ സംവരണ ബിൽ തിടുക്കത്തിൽ പാർലമെന്റ് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെയും തൃണമൂൽ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തിൽ ലോക്സഭയിൽ പരാജയപ്പെട്ടത്. അതിനു പിന്നാലെ, ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച നരേന്ദ്ര മോദി, ഞായറാഴ്ച ബങ്കുര ജില്ലയിലെ ബിഷ്ണുപുർ, പുരുലിയ, ജർഗ്രാം, മിദിനിപുർ തുടങ്ങി നാലിടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കടുത്ത വിമർശനം തുടർന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽതന്നെ തിരിച്ചടി നൽകി മമത ബാനർജിയും രംഗത്തെത്തിയതോടെ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കളം ദേശീയ ശ്രദ്ധയാകർഷിക്കുന്ന പ്രചാരണ വേദിയായി മാറി.
വനിതാ സംവരണ ബില്ലിനെതിരെ രംഗത്തുവന്ന തൃണമൂൽ രാജ്യത്തെ സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്നും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനം ഈ വഞ്ചനക്ക് മറുപടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണവും, വനിതാ സംവരണവും നിഷേധിക്കുന്ന തൃണമൂൽ കോൺഗ്രസ് സർക്കാറിനെ മഹാ ജംഗ്ൾരാജ് ഭരണമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ‘‘വനിതാ സംവരണ ബില്ലിനെതിരെ കോൺഗ്രസുമായി ചേർന്ന് തൃണമൂൽ ഗൂഢാലോചന നടത്തുകയായിരുന്നു. സംസ്ഥാനത്തെ വനിതകൾ ചതിക്കപ്പെട്ടു. അഴിമതിയും കൊള്ളയും പീഡനവും നിറഞ്ഞ മഹാജംഗ്ൾരാജ് സർക്കാറാണ് ബംഗാളിലേത്’’ -മോദി പറഞ്ഞു. വനിതാ സംവരണ ബില്ലിനു പുറമെ, വിദ്വേഷ രാഷ്ട്രീയം പറയാനും പ്രധാനമന്ത്രി മറന്നില്ല.
‘‘നുഴഞ്ഞുകയറ്റക്കാർക്കായി എല്ലാ നിയമങ്ങളും ലംഘിക്കപ്പെടുമ്പോഴാണ് സ്ത്രീശാക്തീകരണത്തെ എതിർക്കുന്നത്. മതാധിഷ്ഠിത സംവരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവർ, ആദിവാസി-ഗോത്ര വിഭാഗങ്ങളെ ഉപദ്രവിക്കുന്നു. മദ്റസ വിദ്യാഭ്യാസത്തിന് റെക്കോഡ് ബജറ്റ് നീക്കിവെക്കുന്നവർ, ഭാഷാന്യൂനപക്ഷമായ സാന്താലികളെ ചൂഷണം ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാർ വഴി ബംഗാൾ സംസ്കാരംതന്നെ തൃണമൂൽ നശിപ്പിക്കുകയാണ്’’ -മോദി പറഞ്ഞു. ‘‘തൃണമൂലും കോൺഗ്രസും ആദിവാസി വിരുദ്ധരാണ്. അതുകൊണ്ടാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗോത്രവിഭാഗത്തിൽനിന്നുള്ള അംഗമായ ദ്രൗപതി മുർമുവിനെതിരെ സ്ഥാനാർഥിയെ നിർത്തിയത്. രാഷ്ട്രപതിയെ പിന്നെയും തൃണമൂൽ അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു. വോട്ട് ബാങ്കായ കുർമി വിഭാഗത്തെയും പാർട്ടി അവഗണിച്ചതായി മോദി പറഞ്ഞു. ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ മോദി പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ നാലിടങ്ങളിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുത്തത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ബംഗാളിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ പ്രചാരണം.
ഒരു വനിതയായിട്ടും കോൺഗ്രസിനൊപ്പം ചേർന്ന് വനിതാ സംവരണ ബിൽ അട്ടിമറിക്കുകയായിരുന്നു മമത ബാനർജിയെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും രംഗത്തെത്തി. ബാലുർഘട്ടിലെ പ്രചാരണ റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ദേശീയ അധ്യക്ഷൻ വിമർശന മുന്നയിച്ചത്. തൃണമൂലിന്റെ സ്ത്രീ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്റും വനിതാ ബിൽ ആയുധമാക്കി റാലികളിൽ ആഞ്ഞടിച്ചത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രചാരണ റാലികളിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ സംവിധാനങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് അപലപനീയമാണെന്ന് പറഞ്ഞ മമത, മോദിയുടെ പ്രചാരണം നിയമവിരുദ്ധമാണെന്നും കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്തോടായി നടത്തിയ പ്രഭാഷണം രാഷ്ട്രീയ പ്രചാരണമാക്കി മാറ്റിയതായും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും മമത പറഞ്ഞു. വനിതാ സംവരണത്തിൽ തൃണമൂലിനെ ആക്രമിച്ച പ്രധാനമന്ത്രിക്ക് കണക്കുകൾ നിരത്തി മറുപടി നൽകാനും മമത മറന്നില്ല. വനിതാ സംവരണത്തെ മറയാക്കി, മണ്ഡല പുനർനിർണയ അജണ്ട നടപ്പാക്കാനുള്ള തീരുമാനമാണ് പരാജയപ്പെടുത്തിയത്.
വനിതാ ബില്ലിനെയല്ല, അതിന്റെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്ന മണ്ഡല പുനർനിർണയ അജണ്ടയെയാണ് ഞങ്ങൾ എതിർക്കുന്നത്’’ -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.