മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരെന്ന് കരുതി അഞ്ചു പേരെ ആൾകൂട്ടം തല്ലിക്കൊന്ന കേസിൽ 23 പേർ അറസ്റ്റിൽ.
50ഒാളം പേർ ആൾകൂട്ട കൊലയിൽ പങ്കാളികളായതായി സംശയിക്കുന്ന പൊലീസ് ശേഷിച്ചവർക്കായി തിരച്ചിൽ ഉൗർജിതമാക്കി. സംഭവം നടന്ന സക്രി താലൂക്കിലെ റെയിൻപാഡ ഗ്രാമത്തിൽ പുരുഷന്മാരെല്ലാം ഒളിവിലാണെന്ന് ധൂലെ പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ പിടികൂടാൻ അഞ്ചു സംഘത്തെ നിയോഗിച്ചതായി ജില്ല പൊലീസ് സൂപ്രണ്ട് എം. രാംകുമാർ കൂട്ടിച്ചേർത്തു.
സൊലാപുർ ജില്ലയിലെ മംഗൾവെധെ താലൂക്കിലെ ഗ്രാമങ്ങളിൽനിന്ന് എത്തിയ നാടോടികളാണ് ആക്രമണത്തിന് ഇരയായത്. ഭരത് ഭൊസാലെ, സഹോദരങ്ങൾ ദാദാറാവു ഭൊസാലെ, രാജു ഭൊസാലെ, ഭരത് മാൽവെ, അനഗു ഇങ്കൊളെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ചന്തക്കിടെ ഭിക്ഷയും കൈനോട്ടവുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരുടെ ബന്ധുക്കളും പരിസര പ്രദേശങ്ങളിൽ തമ്പടിച്ചിരുന്നു. സ്വന്തം വാഹനത്തിലാണ് അഞ്ച് പേരും റെയിൻപാഡയിൽ വന്നിറങ്ങിയത്. ഇവരെ കണ്ട ആറ് വയസ്സുകാരി വാഹനത്തിനു നേരെ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കുട്ടിയെ നാടോടികളിലൊരാൾ ശകാരിക്കുകയും വീണ്ടും കല്ലെറിഞ്ഞപ്പോൾ ക്ഷുഭിതനായി കുട്ടിയെ പിടിക്കാൻ ഒാടുകയും ചെയ്തു.
കുട്ടിയുടെ ബഹളം കേട്ട ജനം ഇവർ കുട്ടികളെ പിടിക്കുന്നവരാണെന്ന് സംശയിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ നാട്ടിലിറങ്ങിയതായി വാട്സ്ആപ്പിൽ അഭ്യൂഹം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം. തല്ലിച്ചതച്ച ശേഷം അഞ്ചു പേരെയും ഗ്രാമ പഞ്ചായത്ത് ഒാഫിസിലാണ് പൂട്ടിയിട്ടത്. രണ്ടുപേരുടെ ഞരക്കം കേട്ട നാട്ടുകാർ വീണ്ടും അകത്തു കയറി ആക്രമിക്കുകയായിരുന്നു.
പ്രതികൾക്ക് എതിരെ കടുത്ത നടപടിയും നഷ്ടപരിഹാരവും വേണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം വീതം നൽകുമെന്ന് അറിയിച്ചു.
അതേസമയം, സംഭവം ബി.ജെ.പി സർക്കാറിെൻറയും െപാലീസ് ഭരണത്തിെൻറയും പരാജയമാണ് വ്യക്തമാക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് അശോക് ചവാൻ കുറ്റപ്പെടുത്തി.
മാേലഗാവിലും സമാനമായ ആക്രമണമുണ്ടായി. രണ്ട് വയസ്സുകാരന് ഉൾെപ്പടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് നേരെയാണ് കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് ഞായറാഴ്ച രാത്രി 11.30ന് ആൾക്കൂട്ടം ആക്രമണം നടത്തിയത്. ആള്‍ക്കൂട്ടത്തെ ഭയന്ന് സമീപത്തെ വീട്ടില്‍ അഭയംതേടിയ കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. കുടുംബം അഭയം തേടിയ വീടിനും പൊലീസിനും നേ രെ കല്ലെറിഞ്ഞ ആൾക്കൂട്ടം പൊലീസ് വാഹനം മറിച്ചിട്ടു.
ലാത്തിച്ചാർജ് നടത്തി ആളുകളെ ഓടിച്ചശേഷമാണ് പൊലീസിന് കുടുംബത്തെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോകാനായത്. പര്ഭണിയില്നിന്ന് മാേലഗാവില് എത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കലാപത്തിനും പൊലീസിെൻറ കൃത്യനിർവഹണം തടഞ്ഞതിനും നാട്ടുകാര്‍ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളാണ് മാേലഗാവിലും വില്ലനായതെന്ന് അഡീഷനല്‍ സൂപ്രണ്ട് ഹര്‍ഷ് പൊഡ്ഡാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.