'ഇന്ത്യ എ.ഐയുടെ വെറുമൊരു ഉപഭോക്താവാകരുത്, നിർമാതാവാകണം'; വൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

മുംബൈ: ഇന്ത്യയെ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ മുൻനിരയിലേക്ക് എത്തിക്കാനുള്ള പുത്തൻ പദ്ധതികളുമായി റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനിയാണ് റിലയൻസിന്റെ പുതിയ 'എ.ഐ ഫസ്റ്റ്' തന്ത്രങ്ങൾ പുറത്തുവിട്ടത്. മറ്റേതെങ്കിലും രാജ്യം നിർമിക്കുന്ന എ.ഐയുടെ വെറും ഉപഭോക്താക്കളായി ഇന്ത്യ മാറരുതെന്നും, പകരം ഈ രംഗത്തെ ആഗോള നേതാവാകാൻ ഇന്ത്യക്ക് സാധിക്കണമെന്നും അംബാനി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

മുമ്പ് ഇന്ത്യയിലുടനീളം മൊബൈൽ ഡാറ്റ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ഡിജിറ്റൽ വിപ്ലവം സൃഷ്ടിച്ച ജിയോയുടെ അതേ മാതൃകയിൽ, ഇനി എ.ഐ സാങ്കേതികവിദ്യയും രാജ്യത്തെ എല്ലാ സാധാരണക്കാരിലേക്കും എത്തിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

'റിലയൻസ് ഇന്റലിജൻസ്' എന്ന പ്ലാറ്റ്‌ഫോമിലൂടെ കുറഞ്ഞ ചെലവിൽ വിശ്വസനീയമായ എ.ഐ സേവനങ്ങൾ 150 കോടി ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഡാറ്റാ സ്വകാര്യതയും മുൻനിർത്തി ഇന്ത്യക്കായി സ്വന്തമായി ഒരു 'സോവറിൻ എ.ഐ ബാക്ക്ബോൺ' നിർമിക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ ജാംനഗറിലാണ് ഇതിനായുള്ള എ.ഐ ഇൻഫ്രാസ്ട്രക്ചർ സെന്റർ സ്ഥാപിക്കുന്നത്. കച്ചിൽ നിന്നുള്ള പുനരുപയോഗ ഊർജം (ഗ്രീൻ എനർജി) ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. ഇതിന്റെ ആദ്യ ഘട്ടം 2026 അവസാനത്തോടെ പ്രവർത്തനസജ്ജമാകും.

ലോകപ്രശസ്ത ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ അത്യാധുനിക സംവിധാനങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. കൂടാതെ ഗൂഗ്ൾ, മെറ്റാ തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്നാണ് റിലയൻസ് എ.ഐ സേവനങ്ങൾ വികസിപ്പിക്കുന്നത്. ലോകത്തെ മറ്റ് കമ്പനികൾ എ.ഐ സേവനങ്ങൾ വെറും ആപ്പുകളായി നൽകുമ്പോൾ, ജിയോ തങ്ങളുടെ ടെലികോം നെറ്റ്‌വർക്കിന്റെ ഉള്ളിലേക്ക് നേരിട്ടാണ് എ.ഐ സാങ്കേതികവിദ്യ ഘടിപ്പിക്കുന്നത് എന്ന് ആകാശ് അംബാനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള അനുമതിയോടെ ഫോൺ കോളുകൾ അപ്പപ്പോൾ എഴുതിയെടുക്കാനും, ഒന്നിലധികം ഭാഷകളിൽ സംസാരിച്ച കാര്യങ്ങളുടെ ചുരുക്കം തയാറാക്കാനും, കോൺഫറൻസ് കോളുകളിൽ സഹായിക്കാനും, ടാക്സികൾ ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും ഈ എ.ഐ സഹായികൾക്ക് സാധിക്കും.

വ്യത്യസ്ത മേഖലകളിലുള്ളവർക്കായി പ്രത്യേകം എ.ഐ സേവനങ്ങളാണ് റിലയൻസ് ഇന്റലിജൻസ് അവതരിപ്പിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്കുള്ള എ.ഐ സഹായിയായ ജിയോ ഭാരത് ഐക്യു, ചെറുകിട വ്യാപാരികൾക്ക് ബിസിനസ്സ് മെച്ചപ്പെടുത്താനായി ജിയോ വ്യാപാർ, ആരോഗ്യ സംരക്ഷണ മേഖലക്കുള്ള സഹായങ്ങൾക്കായി ജിയോ ഹെൽത്ത് ഐക്യു, വിദ്യാർഥികൾക്കായുള്ള എഐ പഠനസഹായിയായ ജിയോ ലേൺ ഐക്യു, കർഷകർക്ക് മികച്ച തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ ജിയോ കൃഷി ഐക്യു.

ഇതുകൂടാതെ മൈജിയോ ആപ്പ് ഇനി മുതൽ ഒരു പേഴ്സനൽ എ.ഐ ഏജന്റായി മാറും. ഇ-സിം ആക്ടിവേഷനും കസ്റ്റമർ സപ്പോർട്ടും ഇനി ഇതിലൂടെ എളുപ്പത്തിൽ ചെയ്യാം. ഒപ്പം സ്മാർട്ട് ഹോം അനുഭവങ്ങൾക്കായി ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ജിയോഹോം , ജിയോടെലിഫ്രെയിം എന്നിവയും റിലയൻസ് അവതരിപ്പിച്ചു. 52 കോടിയിലധികം വരുന്ന തങ്ങളുടെ ഉപഭോക്തൃ ശൃംഖലയിലൂടെ ഇന്ത്യയിലെ എ.ഐ വിപ്ലവത്തിന് വേഗത കൂട്ടാനാണ് റിലയൻസ് ഒരുങ്ങുന്നത്.

Tags:    
News Summary - 'India should not be just a consumer of AI, but a producer'; Mukesh Ambani makes big announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.