രാഹുൽ ഗാന്ധിക്കെതിരെ സ്വന്തം പാർട്ടിയിൽ തന്നെ ഭിന്നതയെന്ന്; ശശി തരൂരിന്റെ പ്രസ്താവന ആയുധമാക്കി ബി.ജെ.പി ദേശീയ വക്താവ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സ്വന്തം പാർട്ടിയിൽതന്നെ പിന്തുണ നഷ്ടപ്പെടുകയാണെന്ന ആരോപണവുമായി ബി.ജെ.പി. അന്താരാഷ്ട്ര വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ നടത്തിയ പ്രസ്താവന മുൻനിർത്തിയാണ് ബി.ജെ.പി കടുത്ത രാഷ്ട്രീയ ആക്രമണം നടത്തുന്നത്. വിദേശനയങ്ങളിലും അന്താരാഷ്ട്ര കാര്യങ്ങളിലും കോൺഗ്രസിനുള്ളിൽ വർധിച്ചുവരുന്ന സംഘട്ടനങ്ങളാണ് തരൂരിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഷെഹ്സാദ് പൂനാവാല ഈ വിമർശനം ഏറ്റുപിടിച്ചത്.
ഇന്ത്യൻ നാവികരുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളെ തരൂർ പ്രശംസിച്ചിരുന്നു. ഇത് പ്രധാനമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണെന്ന് പൂനാവാല ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ജന്മദിനമായിരുന്നിട്ടും അദ്ദേഹത്തിന് പാർട്ടിയിൽനിന്ന് 'സമ്മാനങ്ങളൊന്നും' ലഭിച്ചില്ലെന്ന് പരിഹസിച്ച ബി.ജെ.പി വക്താവ്, നാവികരുടെ വിഷയത്തിൽ രാഹുലിന്റെ നിലപാടിനെ തള്ളുന്നതാണ് തരൂരിന്റെ വാക്കുകളെന്നും ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ശക്തമായി അവതരിപ്പിച്ചുവെന്നാണ് തരൂർ പറഞ്ഞതെന്നും പൂനാവാല കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാതയോട് കോൺഗ്രസിലെ പല നേതാക്കൾക്കും വിയോജിപ്പുണ്ടെന്നും സർക്കാറിന്റെ നയതന്ത്ര വിജയങ്ങളെ പാർട്ടിയിലെ ഒരു വിഭാഗം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം. ഇന്ത്യയുടെ വിദേശനയം, യു.എസുമായുള്ള ബന്ധം, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടയിലാണ് പുതിയ വിവാദം. അതേസമയം, തരൂരിന്റെ പ്രസ്താവന രാഹുൽ ഗാന്ധിക്കുള്ള തിരിച്ചടിയായി ബി.ജെ.പി ചിത്രീകരിക്കുമ്പോഴും കോൺഗ്രസ് നേതൃത്വം ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.