എം.എൽ.എമാരുടെ സസ്‌പെൻഷൻ: മഹാരാഷ്ട്ര സർക്കാർ മാപ്പ് പറയണം -ഫഡ്‌നാവിസ്

മഹാരാഷ്ട്ര: 12 എം.എൽ.എമാരുടെ സസ്‌പെൻഷൻ സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോടതി വിധിയെ അനാദരിക്കാൻ ശ്രമമുണ്ടായാൽ അത്​ ഭരണഘടനാ സംവിധാനത്തിന്‍റെ തകർച്ചക്ക്​ തുല്യമാണെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.

അധികാര ദുർവിനിയോഗത്തിനും ഭരണഘടനാ വിരുദ്ധവുമായ പ്രവൃത്തിയിൽ ഏർപ്പെട്ടതിനും മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എം.എൽ.എ.മാരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് തൃകക്ഷി (കോൺഗ്രസ്, എൻ.സി.പി, ശിവസേന ) സഖ്യ സർക്കാറാണെന്നും നിയമസഭയിൽ ശബ്ദവോട്ടിലൂടെ ബലം പ്രയോഗിച്ച് പ്രമേയം പാസാക്കിയ സർക്കാർ പ്രതിപക്ഷത്തെ വിഷയത്തിൽ സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ഫഡ്നാവിസ് ആക്ഷേപിച്ചു.

'സ്പീക്കറുടെ തീരുമാനമാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാട്ടി സർക്കാർ അവരുടെ തെറ്റായ തീരുമാനത്തിൽനിന്ന് മാറിനിൽക്കുന്നത് സ്വീകാര്യമല്ല. ഭരണകക്ഷി നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ അതിന് ഉന്നത നേതൃത്വത്തിന്‍റെ അനുമതിയുണ്ടാകും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, പാർലമെന്‍ററികാര്യ മന്ത്രി അനിൽ പരബ്, മറ്റ് മുതിർന്ന മന്ത്രിമാർ എന്നിവരുടെ സമ്മതമില്ലാതെ ഒരു സുപ്രധാന തീരുമാനം സാധ്യമാകില്ല.

സസ്പെൻഷൻ ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണ്​. നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടന്നത്​. നിയമസഭയിൽ സർക്കാറിനെതിരെ കൂടുതൽ ശബ്ദമുയർത്തിയ എം.എൽ.എമാരെയാണ്​ സസ്പെൻഡ് ചെയ്തത്​' -ഫഡ്നാവിസ് ആരോപിച്ചു.

നിയമനിർമാണ സഭയെയും ഭരണഘടനയെയും ജനാധിപത്യ പ്രക്രിയയെയും ലംഘിച്ചുകൊണ്ട് അധികാര ദുർവിനിയോഗം നടത്തുന്ന സംസ്ഥാന സർക്കാറിന്‍റെ മുഖത്തേറ്റ അടിയാണ് സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി. സസ്‌പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ നൽകാൻ എം.എൽ.എമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഈ നിർദേശം പൂർണമായും നിരസിച്ചത് കാരണമാണ് സുപ്രീം കോടതിക്ക്​ ഇടപടേണ്ടി വന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

Tags:    
News Summary - MLAs' suspension: Maharashtra govt should apologize: Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.