അസ്സമിൽ കോൺഗ്രസ് എം.എൽ.എ പാർട്ടിവിട്ടു; മുൻ പി.സി.സി അധ്യക്ഷന്റെ രാജി നാടകത്തിനു പിന്നാലെ വീണ്ടും പ്രതിസന്ധി

ഗുവാഹതി: മൂന്നു തവണ എം.എൽ.എയും അസ്സമിലെ മുതിർന്ന നേതാവുമായ അബ്ദു റഷീദ് മണ്ഡൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുക്കങ്ങൾ സജീവമാകുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കികൊണ്ട് മുതിർന്ന നേതാവിന്റെ രാജി. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിറങ്ങിയ മുൻ പി.സി.സി പ്രസിഡന്റ് ബൂപൻ ബോറയെ ഹൈകമാൻഡ് ഇടപെടട്ട് പിന്തിരിപ്പിച്ച് കലഹങ്ങൾക്ക് താൽകാലിക ബ്രേക്കിട്ടുവെന്ന് ആശ്വസിക്കുന്നതിനിടെയാണ് മൂന്നു തവണ എം.എൽ.എയും, പാർട്ടിയുടെ ന്യൂനപക്ഷ മുഖവുമായ അബ്ദുർ റഷീദ് മണ്ഡലിന്റെ രാജി. ​പ്രദേശിക പാർട്ടിയായ റയ്ജോർ ദളിലേക്കാണ് റഷീദ് മണ്ഡലിന്റെ കൂടുമാറ്റം. അസ്സം നിയമസഭയിൽ രണ്ട് അംഗങ്ങളുള്ള പാർട്ടിയാണ് റയ്ജോർ ദൾ.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ യുവനേതാവ് അഖിൽ ഗൊഗോയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പ് രൂപീകരിക്കപ്പെട്ട പാർട്ടിയാണ് റയ്ജോർ ദൾ. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക ദിനമെന്നായിരുന്നു റഷീദ് മണ്ഡലിനെ സ്വാഗതം ചെയ്തുകൊണ്ട് അഖിൽ ഗൊഗോയുടെ വാക്കുകൾ.

അതേസമയം, കോൺഗ്രസുമായി അഭിപ്രായ ഭിന്നതകളില്ലെന്നും, കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനാലാണ് റയ്ജോർ ദളിൽ ചേരുന്നതെന്നും റഷീദ് മണ്ഡൽ പറഞ്ഞു.

ഇടത് ആഭിമുഖ്യമുള്ള പാർട്ടിയായാണ് റയ്ജോർ ദളിനെ വിശേഷിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റൊരു കോൺഗ്രസ് നേതാവ് കൂടി പാർട്ടിയിൽ ചേരുമെന്ന് നേതാക്കൾ പറഞ്ഞു. ബഗ്​ബറിൽ നിന്നും മൂന്നു തവണ എം.എൽ.എയായ ഷർമൻ അലി അഹമ്മദാണ് ആണ് ഇതെന്നാണ് വാർത്തകൾ.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി മുൻ പി.സി.സി അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചത്. എന്നാൽ, പാർട്ടി ഹൈക്കമാൻഡ് ഇടപെടുകയും, രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കുകയും​ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബോറ രാജി തീരുമാനം പിൻവലിക്കുകയായിരുന്നു. 

Tags:    
News Summary - MLA Abdur Rashid Mandal Quits Congress In Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.