പ്രായപൂർത്തിയാകാത്ത പോക്സോ അതിജീവിതർക്ക് സാമ്പത്തിക സഹായത്തിനപ്പുറം സമഗ്ര പുനരധിവാസം വേണം; ബോംബെ ഹൈകോടതി

മുംബൈ: കടുത്ത മാനസികാഘാതങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു മുന്നോട്ട് പോകുന്ന പ്രായപൂർത്തിയാകാത്ത പോക്സോ അതിജീവിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തി. സാമ്പത്തിക സഹായങ്ങൾ നൽകി മാത്രം തൃപ്തിപ്പെടാതെ ഈ കുട്ടികൾക്ക് മാനസിക പിന്തുണയും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന പ്രത്യേക പുനരധിവാസ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടോ എന്ന് കോടതി വ്യക്തത തേടി. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നിർണായകമായ ചോദ്യം ഉന്നയിച്ചത്. ഒക്ടോബർ 26നകം ഇതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത അതിജീവിതരുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ ശ്രദ്ധേയമായ ഇടപെടൽ ഉണ്ടായത്. കേസ് പരിഗണിക്കുന്ന വേളയിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ കീഴിൽ വനിതാ-ശിശു വികസന വകുപ്പ് ഇറക്കിയ ഒരു സർക്കാർ ഉത്തരവ് അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിൽ പോക്സോ അതിജീവിതരായ കുട്ടികളെക്കുറിച്ചോ അവർക്ക് എത്ര കാലം സഹായം ലഭിക്കുമെന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ഇല്ലെന്ന് ഹൈകോടതി ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കുട്ടികളെ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമായി കണ്ട് പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരെയും ഒരേപോലെ സ്ഥാപനങ്ങളിലോ നിരീക്ഷണ ഹോമുകളിലോ പ്രവേശിപ്പിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക സഹായം മാത്രം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികൾക്ക് സുസ്ഥിരമായ ഒരു പരിഹാരമാകില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതിജീവിതരായ പെൺകുട്ടികൾക്ക് കുടുംബങ്ങളുടെ പിന്തുണയോടെ മാനസികാഘാതത്തിൽ നിന്നും പൂർണമായി കരകയറാൻ സാധിക്കണം. ഒപ്പം, പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമൊരുക്കുകയോ സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാൻ പാകത്തിൽ വൊക്കേഷണൽ പരിശീലനം നൽകുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. കോടതി നൽകുന്ന നഷ്ടപരിഹാര തുകയെ മാത്രം ആശ്രയിച്ചു ജീവിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുന്ന സമഗ്രമായ പദ്ധതികളാണ് സംസ്ഥാനത്തിന് ഉണ്ടാകേണ്ടത്.

നിലവിൽ ലൈംഗികാക്രമണത്തിന് ഇരയാകുന്നവർക്കായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച 'മനോധൈര്യ പദ്ധതി' പോലുള്ളവ നിലവിലുണ്ടെങ്കിലും ഇതിനപ്പുറം ഈ പ്രത്യേക വിഭാഗത്തിനായി മറ്റെന്തെങ്കിലും പദ്ധതികളുണ്ടോ എന്ന് പരിശോധിക്കാൻ വനിതാ-ശിശു വികസന വകുപ്പിനോടും സാമൂഹ്യക്ഷേമ വകുപ്പിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വനിതാ-ശിശു വികസന കമ്മീഷണറുമായി കൂടിയാലോചിച്ച് കൃത്യമായ മറുപടി നൽകാനും വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഹിതം ഒക്ടോബർ 26-ലെ അടുത്ത വാദം കേൾക്കലിൽ ഹാജരാകാനും കോടതി സർക്കാരിനോട് ഉത്തരവിട്ടു.

Tags:    
News Summary - Minor POCSO survivors need comprehensive rehabilitation Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.