28.7 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും 500 കോടിയുടെ നഗര ഡ്രൈനേജ് പദ്ധതിയും; സുപ്രധാന തീരുമാനവുമായി ഒഡീഷ സർക്കാർ
ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഏകദേശം 28.7 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ നൽകാൻ മന്ത്രിസഭ ഔദ്യോഗികമായി അനുമതി നൽകി. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസം കൂടുതൽ എളുപ്പമാക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുക, സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള കുട്ടികൾക്ക് നിലവിൽ ഈ സൗജന്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, ഒൻപതും പത്തും ക്ലാസുകളിലെ മറ്റു വിഭാഗം വിദ്യാർഥികളിലേക്കും ഈ ആനുകൂല്യം വ്യാപിപ്പിച്ചിരിക്കുകയാണ്.
പാഠപുസ്തക വിതരണത്തിന് പുറമെ നഗരങ്ങളിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 500 കോടി രൂപയുടെ നഗര സ്റ്റോം വാട്ടർ ഡ്രൈനേജ് മാനേജ്മെന്റ് പദ്ധതിക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നഗരങ്ങളിലെ ഓടകളുടെ നിർമാണവും പുനരുദ്ധാരണവും പൂർത്തിയാക്കും. ഇത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് തടയാനും ഭൂഗർഭ ജലനിരപ്പ് ഉയർത്താനും സഹായിക്കും.
ഇതിനുപുറമെ വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കിയോഞ്ചറിൽ പുതിയൊരു ഡിസാസ്റ്റർ റിക്കവറി-കം-ഡാറ്റാ സെന്റർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭുവനേശ്വറിലെ ഡാറ്റാ സെന്ററിന് അടിയന്തര സാഹചര്യങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടേണ്ടി വന്നാൽ ഡാറ്റാ സുരക്ഷയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കാൻ ഈ പുതിയ കേന്ദ്രം സഹായിക്കും. ബൊലാംഗീർ ജില്ലയിലെ തെൽ നദിയിൽ ഇൻ-സ്ട്രീം ജലസംഭരണി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡറിനും യോഗം അംഗീകാരം നൽകിയിട്ടുണ്ട്. വരൾച്ച ബാധിച്ച ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇത് ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.