കരട് പട്ടികയിൽ പേരില്ലെങ്കിൽ നീക്കം ചെയ്തെന്ന് അർഥമില്ലെന്ന് കമീഷൻ
പനാജി: എസ്.ഐ.ആർ കരട് പട്ടികയിൽ പേരില്ലെങ്കിൽ വോട്ടറെ നീക്കം ചെയ്തതായി കാണേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കരട് പട്ടികയിൽനിന്ന് കുടുംബത്തോടെ പുറത്തായ ഗോവ സ്വദേശി സമർപ്പിച്ച റിട്ട് ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം ബോംബെ ഹൈകോടതിയെ അറിയിച്ചത്. എസ്.ഐ.ആർ എന്നത് നിലവിലുള്ള പട്ടിക പുതുക്കുക മാത്രം ചെയ്യുന്ന സ്പെഷൽ സമ്മറി റിവിഷൻ അല്ലെന്ന് മുതിർന്ന അഭിഭാഷകൻ അശുതോഷ് കുംഭകോണി ഹൈകോടതിയുടെ ഗോവ ബെഞ്ചിലെ വാദത്തിനിടെ അറിയിച്ചു. ജസ്റ്റിസുമാരായ വാൽമീകി മെനസെസ്, അമിത് ജംസന്ദേകർ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. എസ്.ഐ.ആറിനെക്കുറിച്ച് വിവാദങ്ങൾ നിലനിൽക്കെയാണ് ഈ ഹരജിയിൽ വാദം കേട്ടത്.
വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തുവെന്ന് ആരോപിച്ച് വടക്കൻ ഗോവ ജില്ലയിലെ സെന്റ് ക്രൂസ് മണ്ഡലത്തിൽ താമസിക്കുന്ന പരേഷ് സാൽഗോങ്കറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. എസ്.ഐ.ആർ എന്നത് സമഗ്രവും പുതുതായി ആരംഭിക്കുന്നതുമായ പ്രക്രിയയാണ്. കരട് പട്ടികയിൽ പേരില്ലാത്തതിനാൽ സ്വാഭാവികമായും അത് നീക്കം ചെയ്തതായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ പറഞ്ഞു.
എസ്.ഐ.ആറിന് മുമ്പുള്ള വോട്ടർ പട്ടികകളിലെ വിലാസത്തിൽ ഹരജിക്കാരൻ എട്ട് മുതൽ പത്ത് വർഷം വരെ താമസിച്ചിരുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. എസ്.ഐ.ആർ പ്രക്രിയ ആരംഭിക്കുന്നതിനുമുമ്പ് ചെയ്യേണ്ടിയിരുന്ന വിലാസം മാറ്റാനുള്ള അപേക്ഷ ഹരജിക്കാരൻ നൽകിയിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. അതേസമയം, വിലാസം മാറ്റാൻ അപേക്ഷ നൽകിയിരുന്നതായി ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
‘ഗ്യാനേഷിന്റെ നാണമില്ലായ്മക്ക് അതിരില്ല’
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ നാണമില്ലായ്മക്ക് ഒരതിരുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ പരിഹാസം. ഒരു കോടിയോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം സമ്മാനിച്ചതിനുശേഷം വോട്ടർപട്ടികയിൽ വീണ്ടും ആളുകളെ ചേർക്കാൻ പുതിയ കാമ്പയിൻ തുടങ്ങിയതിനാണ് ഈ പരിഹാസം. തട്ടിപ്പിലൂടെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് സമ്മാനിച്ച ശേഷം ഒരു വോട്ടറെയും വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിറക്കിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.