144 വർഷങ്ങൾക്ക് മുമ്പ് സിംഹങ്ങളെ നഷ്ടപ്പെട്ട ഗുജറാത്തിലെ വന്യജീവി സങ്കേതം; ഇപ്പോൾ ഇവിടെ 17 ഏഷ്യാറ്റിക് സിംഹങ്ങളുടെ പുതിയ താവളം
ഇന്ത്യയിൽ ഏഷ്യാറ്റിക് സിംഹങ്ങളുടെ കാര്യം പറയുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് ഗീർ വനമേഖലയാണ്. എന്നാൽ ഇപ്പോൾ ഗുജറാത്തിലെ മറ്റൊരു വനം കൂടി വന്യജീവി പ്രേമികളുടെയും ഗവേഷകരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ഏകദേശം 144 വർഷങ്ങൾക്ക് മുമ്പ് സിംഹങ്ങൾ പൂർണമായി അപ്രത്യക്ഷമായ ബാർഡ വന്യജീവി സങ്കേതം ഇന്ന് 17 ഏഷ്യാറ്റിക് സിംഹങ്ങളുടെ സുരക്ഷിതമായ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു. 'PLOS One' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയൊരു പഠനമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
'Beyond Gir: Barda Wildlife Sanctuary as a Potential Stronghold for Asiatic Lions' എന്ന പേരിൽ നടത്തിയ ഈ പഠനം ബാർഡയിലെ ആവാസവ്യവസ്ഥയും സിംഹങ്ങളുടെ സഞ്ചാരവഴികളും ഭക്ഷണരീതികളുമെല്ലാം വിശദമായി പരിശോധിക്കുന്നു. 2023 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ ഒരു ആണും അഞ്ച് പെണ്ണുമടക്കം ആറ് സിംഹങ്ങളുടെ ശരീരത്തിൽ റേഡിയോ കോളറുകൾ ഘടിപ്പിച്ച് ഗവേഷകർ 1,69,000-ത്തിലധികം ജി.പി.എസ് ലൊക്കേഷനുകൾ നിരീക്ഷിച്ചു. ബാർഡയിലെ വനങ്ങളും പുൽമേടുകളും സിംഹങ്ങളുടെ ദീർഘകാല നിലനിൽപ്പിന് തികച്ചും അനുയോജ്യമാണെന്നും അവിടെ ആവാസവ്യവസ്ഥ അനുയോജ്യമാണെന്നും ഈ പഠനം കണ്ടെത്തി.
ഈ സിംഹങ്ങളുടെ ഭക്ഷണരീതികളെക്കുറിച്ചുള്ള വിവരങ്ങൾ ഏറെ കൗതുകകരമാണ്. സിംഹങ്ങൾ കഴിക്കുന്ന ആഹാരത്തിൽ 55 ശതമാനവും കാട്ടുപന്നികളാണെങ്കിൽ, വളർത്തുമൃഗങ്ങൾ വരുന്നത് വെറും 17 ശതമാനം മാത്രമാണ്. ഇത് കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ അവസ്ഥയാണ് കാണിക്കുന്നത്.
പ്രകൃതിദത്തമായ സഞ്ചാരത്തിലൂടെയും കൃത്യമായ സംരക്ഷണ പ്രവർത്തനങ്ങളിലൂടെയുമാണ് സിംഹങ്ങൾ ബാർഡയിലേക്ക് എത്തിയത്. ഗീർ വനത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നും ഒരു ആൺ സിംഹം തനിയെ ഈ വനത്തിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന് സിംഹങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഗുജറാത്ത് വനം വകുപ്പ് അഞ്ച് പെൺ സിംഹങ്ങളെ കൂടി ഇവിടെ എത്തിക്കുകയായിരുന്നു. നിലവിൽ സിംഹങ്ങളുടെ ആരോഗ്യവും സഞ്ചാരവും നിരീക്ഷിക്കുന്നതിനായി എട്ടോളം മുഴുവൻ സമയ ട്രാക്കർമാരെയും വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ പോർബന്തർ, ദേവഭൂമിദ്വാരക ജില്ലകളിലായി വ്യാപന്നുകിടക്കുന്ന ബാർഡ വന്യജീവി സങ്കേതം 192.31 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. പോർബന്തർ നഗരത്തിൽ നിന്നും വെറും 15 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1979 ഫെബ്രുവരിയിലാണ് ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്. ഔഷധച്ചെടികളും അപൂർവ്വ സസ്യങ്ങളും മുളങ്കാടുകളും നിറഞ്ഞ മനോഹരമായ പ്രകൃതിയാണ് ഇവിടുത്തേത്.
സിംഹങ്ങൾക്ക് പുറമെ പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, ചെന്നായ്ക്കൾ, വിവിധ തരത്തിലുള്ള മാൻ വർഗങ്ങൾ തുടങ്ങിയവയും ഇവിടെ വസിക്കുന്നുണ്ട്. ഗുജറാത്തിലെ വന്യജീവി വൈവിധ്യം അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഇപ്പോൾ ബാർഡയിൽ രാവിലെയുമുള്ള ഉച്ചക്കുശേഷവുമുള്ള സഫാരി സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും യാത്ര തിരിക്കുന്നതിന് മുൻപ് വനം വകുപ്പിന്റെ അനുമതിയും സമയക്രമങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.