പ്രക്ഷോഭങ്ങൾക്കിടെ കമീഷനെ കാത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: ‘വോട്ടുകൊള്ള’യിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് രാജവ്യാപക പ്രക്ഷോഭം അലയടിക്കുന്നതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങി.ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
403 അംഗ ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വർഷം മേയ് 22ന് അവസാനിക്കും. 60 അംഗ മണിപ്പൂർ, 40 അംഗ ഗോവ, 117 അംഗ പഞ്ചാബ്, 70 അംഗ ഉത്തരാഖണ്ഡ് നിയമസഭകളുടെ കാലാവധി 2027 മാർച്ചിൽ അവസാനിക്കും. കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടത്താൻ ജനപ്രാതിനിധ്യ നിയമം കമീഷന് അധികാരം നൽകുന്നുണ്ട്. ഡെപ്യൂട്ടി കമീഷണർമാരുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഒരുക്കം വിലയിരുത്തിവരികയാണ്. നിലവിൽ ഉത്തരാഖണ്ഡിലാണ് കമീഷൻ സംഘത്തിന്റെ സന്ദർശനം.
വരും ദിവസങ്ങളിൽ മണിപ്പൂരിലും പഞ്ചാബിലും സന്ദർശനം നടത്തും. ഗോവയിലും ഉടൻ സന്ദർശനമുണ്ടാവും.
ഉത്തർപ്രദേശിലെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉത്തർപ്രദേശിലും ഗോവയിലും ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളുടെയും വിവിപാറ്റ് സംവിധാനങ്ങളുടെയും പ്രാഥമിക പരിശോധന ആരംഭിച്ചു.
അതിക്രമങ്ങൾ നടത്തിയ പൊലീസുകാരെ നിയമത്തിന് മുന്നിലെത്തിക്കാൻ അഭിഭാഷകർ
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നതിനിടയിൽ പൊലീസ് അതിക്രമങ്ങൾക്കിരയായവർക്ക് അഭിഭാഷകരുടെ കൂട്ടായ്മ സൗജന്യ നിയമസഹായം നൽകും. ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ (എൽ.എ.എഫ്.സി) ആണ് ഇത്തരമൊരു നീക്കവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനായി അവരുടെ വിവരശേഖരണത്തിനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ശാരീരിക പീഡനമോ നിയമവിരുദ്ധ തടങ്കലോ മറ്റേതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവർക്ക് നിയമ പോരാട്ടം നടത്താനും അതിക്രമം കാണിച്ച മുഴുവൻ പൊലീസുകാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കോടതി നടപടികൾക്ക് വിധേയമാക്കാനുമാണ് അഭിഭാഷക കൂട്ടായ്മയുടെ തീരുമാനം.
വ്യാജ പ്രചാരണം: നാല് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: തലസ്ഥാനത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചെന്നാരോപിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ ഡൽഹി പൊലീസ് നാല് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുക, ക്രമസമാധാനം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ ആരോപണങ്ങളിലാണ് കേസുകളെന്ന് പൊലീസ് വ്യക്തമാക്കി.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അസ്വസ്ഥത സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതിൽ പാകിസ്താൻ ആസ്ഥാനമായ ചില അക്കൗണ്ടുകൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.
ഒക്ടോബർ 10ന് ഡൽഹിയിലെ പ്രതിഷേധത്തിനിടെ നിരവധി പേർ മരിച്ചെന്ന വ്യാജവാർത്ത ഇത്തരം അക്കൗണ്ടുകൾ പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ നടപടികളുടെ ഭാഗമായി പാകിസ്താൻ കേന്ദ്രീകരിച്ചുള്ള നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.