കെ.സി വേണുഗോപാൽ, അമിത് ഷാ, ജയറാം രമേശ്

‘2029നെക്കുറിച്ച് ഇപ്പോഴേ ആശങ്ക’; അമിത് ഷായെ കടന്നാക്രമിച്ച് കെ.സി വേണുഗോപാലും ജയറാം രമേശും

ന്യൂഡൽഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം നിലനിൽക്കെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നത് വൈരുധ്യത്തിന്റെ കൊടുമുടിയാണെന്ന് കോൺഗ്രസ് വിമർശിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മുതിർന്ന നേതാവ് ജയറാം രമേശുമാണ് സമൂഹമാധ്യമമായ എക്സിലൂടെ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് സംവിധാനം തന്നെ തകർക്കപ്പെടുന്നുവെന്നതാണ് തങ്ങൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അപ്പോഴാണ് അമിത് ഷാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നത്. ഇത് വൈരുധ്യത്തിന്റെ കൊടുമുടിയാണ്. 2029നെ കുറിച്ച് ഇപ്പോഴേ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണെന്നും വേണുഗോപാൽ ആരോപിച്ചു. മാധ്യമങ്ങളെ കണ്ടപ്പോൾ അമിത് ഷാ പരിഭ്രാന്തനായിരുന്നുവെന്നും തെരഞ്ഞെടുത്ത മാധ്യമങ്ങളോട് മാത്രമാണ് സംസാരിച്ചതെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജയറാം രമേശ് അമിത് ഷായുടെ രാഷ്ട്രീയത്തെ 3ബി അഥവാ പൊങ്ങച്ച പ്രസംഗം, പൊള്ളയായ ഭീഷണി, വീമ്പിളക്കൽ എന്നാണ് വിശേഷിപ്പിച്ചത്. വോട്ട് ചോരിയുടെ സഹശിൽപിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. 2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരുക്കം ബിജെപി ഇപ്പോഴേ തുടങ്ങി. എന്നാൽ നുണകളിൽ കെട്ടിപ്പടുത്ത ഈ സർക്കാരിനെ പോലുള്ള സ്വേച്ഛാധിപത്യ സർക്കാറുകളെ പുറത്താക്കാൻ ജനങ്ങളുടെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം അവരുടെ വോട്ടാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് യുവാക്കൾ തെരുവിലിറങ്ങുന്നതെന്നും ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണത്തിലാണ് അമിത് ഷാ 2029ലെ വിജയ പ്രവചനം നടത്തിയത്. രാഹുൽ ഗാന്ധി നെഗറ്റീവ് രാഷ്ട്രീയം കളിക്കുകയാണെന്നും തോൽവിയിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണമെന്നും ജനങ്ങൾ ഇപ്പോഴും മോദിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തിങ്കളാഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ ജനാധിപത്യ മാർച്ച് നടത്തി തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Congress Slams Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.