ബസ് കണ്ടക്ടറായി ടിക്കറ്റ് നൽകി വിജയ്! സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കൂടുതൽ ബസ് സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘വെട്രി പയണം തിട്ടം’ പദ്ധതിയുടെ വിപുലീകരണം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച ചെന്നൈയിൽ ബസിൽ യാത്ര ചെയ്ത മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കുകയും സ്ത്രീകൾക്ക് നേരിട്ട് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

വിപുലീകരിച്ച പദ്ധതിയിലൂടെ പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏഴ് ഗതാഗത കോർപ്പറേഷനുകൾക്ക് കീഴിലുള്ള 12,695 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. എക്സ്പ്രസ്, ഡീലക്സ് വിഭാഗങ്ങളിലുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധിയുണ്ടാകില്ല. ഒരു ദിവസം എത്ര തവണ യാത്ര ചെയ്യാം എന്നതിനും നിയന്ത്രണമുണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഭരണകക്ഷിയായ തമിഴക വെട്രി കഴകം എന്ന പേരിൽ നിന്നാണ് ‘വെട്രി പയണം’ എന്ന പേര് സ്വീകരിച്ചത്. ‘വിജയകരമായ യാത്ര’ എന്നാണ് ഇതിന്റെ അർഥം. നേരത്തെ ചില വിഭാഗങ്ങളിലെ ബസുകളിൽ മാത്രമായിരുന്ന സൗജന്യ യാത്രാ സൗകര്യം ഇപ്പോൾ എക്സ്പ്രസ്, ഡീലക്സ്, ഓർഡിനറി, ചില ഘട്ട് മേഖലയിലെ സർവീസുകൾ എന്നിവയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെയും വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, സാമ്പത്തിക ശാക്തീകരണം എന്നിവക്ക് പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ. വിജയ് തമിഴൻ പാർത്തിബൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാ ചെലവ് അവരുടെ മുന്നോട്ടുള്ള യാത്രക്ക് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിപുലീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

യാത്രാവകാശത്തിൽ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്നും സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ വീടിന് പുറത്തേക്ക് ഇറങ്ങാനും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതിക്കും ഊന്നൽ നൽകുന്നതാണ് പദ്ധതിയുടെ വിപുലീകരണമെന്നും ഗതാഗത ചെലവ് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിചരണം എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമാകാതിരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Tamil Nadu CM Vijay plays bus conductor, hands out tickets after expanding free travel scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.